ട്രംപിന്റെ അവകാശ വാദത്തില്‍ മോദി മൗനം പാലിക്കുന്നത് എന്തുകൊണ്ട് ; പ്രധാനമന്ത്രി മറുപടി നല്‍കണമെന്ന് കോണ്‍ഗ്രസ്

ട്രംപിന്റെ അവകാശ വാദത്തില്‍ മോദി മൗനം പാലിക്കുന്നത് എന്തുകൊണ്ട് ; പ്രധാനമന്ത്രി മറുപടി നല്‍കണമെന്ന് കോണ്‍ഗ്രസ്

ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ സംബന്ധിച്ച ട്രംപിന്റെ അവകാശവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നത് എന്തുകൊണ്ടെന്ന് കോണ്‍ഗ്രസ്. വിഷയത്തില്‍ പ്രധാനമന്ത്രി ഉത്തരം പറയണമെന്നും സര്‍വകക്ഷി യോഗം വിളിക്കണമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേഷ് ആവശ്യപ്പെട്ടു. ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ അമേരിക്ക മധ്യസ്ഥത വഹിക്കുന്നതിന് ഇന്ത്യ സമ്മതിച്ചോയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിച്ചെന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം. എന്നാല്‍ ഈ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണെന്നാണ് ജയറാം രമേഷ് പറഞ്ഞത്. വളരെ വൈകി പ്രധാനമന്ത്രി രാജ്യത്തോടു നടത്തിയ അഭിസംബോധനയുടെ തൊട്ടുമുമ്പ് പ്രസിഡന്റ് ട്രംപിന്റെ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നത് മോദിയുടെ പ്രസംഗത്തിന്റെ സാംഗത്യം ഇല്ലാതാക്കിയെന്നും ജയറാം രമേഷ് കുറ്റപ്പെടുത്തി.

പാകിസ്ഥാനുമായുള്ള ചര്‍ച്ച നടത്താന്‍ ഒരു നിഷ്പക്ഷവേദി ഇന്ത്യ ആവശ്യപ്പെട്ടിരുന്നോയെന്ന് വ്യക്തമാക്കണമെന്നും ജയറാം രമേഷ് ആവശ്യപ്പെട്ടു. ഇന്ത്യന്‍ കമ്പോളം അമേരിക്കയ്ക്ക് തുറന്നുകൊടുക്കാമെന്ന് സമ്മതിച്ചോയെന്നും വ്യക്തമാക്കണം. വിവിധ പാര്‍ട്ടി നേതാക്കളുടെ യോഗം പ്രധാനമന്ത്രി വിളിച്ചുചേര്‍ക്കണമെന്നും ജയറാം രമേഷ് ആവശ്യപ്പെട്ടു. അതേസമയം ഇന്ത്യന്‍ സേനയെ കോണ്‍ഗ്രസ് സല്യൂട്ട് ചെയ്യുന്നെന്നും ജയറാം രമേഷ് പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിലുള്ള 'ആണവ സംഘര്‍ഷം' തന്റെ ഭരണകൂടം അവസാനിപ്പിച്ചതായി ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. സംഘര്‍ഷം അവസാനിപ്പിച്ചാല്‍ ഇരുരാജ്യങ്ങളുമായും അമേരിക്ക 'കൂടുതല്‍ വ്യാപാരം' നടത്തുമെന്നും ട്രംപ് പറഞ്ഞിരുന്നു. പ്രധാനമന്ത്രി മോദിയുടെ പ്രസംഗത്തിന് മിനിറ്റുകള്‍ക്ക് മുമ്പായിരുന്നു ട്രംപിന്റെ പരാമര്‍ശം. എന്നാല്‍ ഈ അവകാശ വാദങ്ങളിലെല്ലാം പ്രധാനമന്ത്രി മൗനം പാലിച്ചെന്നാണ് കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നത്. ഇന്ത്യ-പാക് വെടിനിര്‍ത്തലിന് മൂന്നാമതൊരാളുടെ ഇടപെടല്‍ ഇല്ലെന്ന് ഇന്ത്യന്‍ സൈന്യം അടക്കം പറഞ്ഞിരുന്നു.




Other News in this category



4malayalees Recommends