കൊവിഡ് 19 രൂക്ഷമാകുന്നു; അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഡൊണാള്‍ഡ് ട്രംപ്; യുഎസില്‍ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത് വെസ്റ്റ് നൈല്‍ വൈറസ് ബാധയുണ്ടായ 2000ത്തിന് ശേഷം ഇതാദ്യം; രോഗവ്യാപനം നേരിടാന്‍ 5000 കോടി ഡോളര്‍
കൊവിഡ് 19 പശ്ചാത്തലത്തില്‍ അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഫെഡറല്‍ ഫണ്ടില്‍നിന്ന് അമ്പത് ബില്യന്‍ യുഎസ് ഡോളര്‍ അനുവദിക്കുമെന്ന് ട്രംപ് പറഞ്ഞു. അടിയന്തര പ്രവര്‍ത്തന കേന്ദ്രങ്ങള്‍ ഉടന്‍ സജ്ജമാക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും ട്രംപ് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അടുത്ത 8 ആഴ്ചകള്‍ നിര്‍ണായകമാണെന്നും വൈറസിനെ കുറിച്ച് പഠിക്കുകയും അതിജീവിക്കുകയും ചെയ്യുമെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. രാജ്യത്തെ എല്ലാ ആശുപത്രികളും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
വെസ്റ്റ് നൈല്‍ വൈറസ് ബാധയുണ്ടായ 2000ത്തിന് ശേഷം ഇതാദ്യമായാണ് യുഎസില്‍ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് അടിയന്തിരാവസ്ഥ പ്രഖ്യാപനം നടത്തിയത്. ഇതിന് പുറമെയാണ് രോഗത്തെ വ്യാപനത്തെ നേരിടുന്നതിനായി 5000 കോടി യുഎസ് ഡോളര്‍ (3.65 ലക്ഷം കോടി രൂപ) സഹായവും പ്രഖ്യാപിച്ചത്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതോടെ ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സിക്ക് (ഫെമ) കൂടുതല്‍ ഫണ്ട് ചെലവഴിക്കാനും കൂടുതല്‍ സംഘങ്ങളെ നിയോഗിക്കാനും കഴിയും.