യുഎസിനെ കടുത്ത പ്രതിസന്ധിയിലാക്കി കൊറോണയുടെ താണ്ഡവം; കാലിഫോര്‍ണിയയില്‍ ഏഴ് മില്യണ്‍ പേര്‍ കരുതല്‍ തടവില്‍; രാജ്യത്തെ രണ്ട് മില്യണോളം ജോലികള്‍ കൊറോണ കാരണം ഇല്ലാതാകും; ലോകപോലീസിനെ കാത്തിരിക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി
യുഎസിലാകമാനം കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുകയും 93 പേര്‍ മരിക്കുകയും 4743 പേര്‍ക്ക് രോഗം ബാധിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഭീതിദമായ റിപ്പോര്‍ട്ടുകളാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. വൈറസ് പടരുന്നത് ചെറുക്കുന്നതിനായി കാലിഫോര്‍ണിയയില്‍ ഏതാണ്ട് ഏഴ് മില്യണ്‍ പേരാണ് തടവിലാക്കപ്പെട്ടതിന് സമാനം കഴിയേണ്ടി വന്നിരിക്കുന്നത്. ഇവിടുത്തെ ഏഴ് കൗണ്ടികളിലെ താമസക്കാര്‍ക്കാണീ ഗതികേടുണ്ടായിരിക്കുന്നത്. തങ്ങളുടെ അയല്‍വാസികള്‍ തുടര്‍ച്ചയായി ചുമയ്ക്കുന്നുണ്ടെന്നും അവര്‍ക്ക് കൊറോണയാണെന്ന് തങ്ങള്‍ ആശങ്കപ്പെടുന്നുവെന്നും വെളിപ്പെടുത്തി 911 എന്ന ഹെല്‍പ് ലൈന്‍ നമ്പറിലേക്ക് വിളിച്ച് സഹായം അഭ്യര്‍ത്ഥിച്ചവരും ഏറെയാണ്.
കൊറോണ യുഎസിലെ സമ്പദ് വ്യവസ്ഥയിലുണ്ടാക്കിയ കനത്ത ആഘാതം മൂലം രാജ്യത്ത് രണ്ട് മില്യണോളം ജോലികളില്ലാതാക്കുമെന്ന ഞെട്ടിപ്പിക്കുന്ന പ്രവചനവുമായി യുസിഎല്‍എയിലെ സാമ്പത്തിക വിദഗ്ധര്‍ രംഗത്തെത്തിയിട്ടുമുണ്ട്. യുഎസിഎല്‍എയുടെ 68 വര്‍ഷത്തെ ചരിത്രത്തിനിടെ ഇതാദ്യമായി ക്വാര്‍ട്ടേര്‍ലി എസ്റ്റിമേറ്റുകള്‍ തിങ്കളാഴ്ച പുറത്തിറക്കിക്കൊണ്ടാണ് ഇതിലെ എക്കണോമിസ്റ്റുകള്‍ ഞെട്ടിപ്പിക്കുന്ന ഈ പ്രവചനം നടത്തിയിരിക്കുന്നത്.
ആദ്യത്തെ ക്വാര്‍ട്ടറില്‍ 0.4 സാമ്പത്തിക ഇടിവും രണ്ടാമത്തെ ക്വാര്‍ട്ടറില്‍ 6.5 ശതമാനം സാമ്പത്തിക ഇടിവും എന്നാല്‍ മൂന്നാമത്തെ ക്വാര്‍ട്ടറില്‍ മറ്റൊരു 1.9 ശതമാനം സാമ്പത്തിക ഇടിവുമാണ് ഇവര്‍ പ്രവചിച്ചിരിക്കുന്നത്. ഗോള്‍ഡന്‍ സ്‌റ്റേറ്റെന്ന് അറിപ്പെടുന്ന കാലിഫോര്‍ണിയയുടെ സമ്പദ് വ്യവസ്ഥയില്‍ മറ്റുള്ള സ്റ്റേറ്റുകളിലേതിനേക്കാള്‍ ഇടിവുണ്ടാകുമെന്നും പ്രവചനമുണ്ട്. കാരണം ഈ സ്റ്റേറ്റിന്റെ സമ്പദ് വ്യവസ്ഥ പ്രധാനമായും ടൂറിസത്തില്‍ അധിഷ്ഠിതമായതിനാലാണിത്. കൊറോണ ഏറ്റവും അധികം ബാധിച്ചിരിക്കുന്ന മേഖലകളിലൊന്ന് ടൂറിസമായതിനാലാണ് കാലിഫോര്‍ണിയയെ ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്.