ഉത്തരക്കടലാസില്‍ ജയ് ശ്രീറാം എഴുതിയ വിദ്യാര്‍ഥികളെ ജയിപ്പിച്ചു; യുപിയില്‍ പ്രൊഫസര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

ഉത്തരക്കടലാസില്‍ ജയ് ശ്രീറാം എഴുതിയ വിദ്യാര്‍ഥികളെ ജയിപ്പിച്ചു; യുപിയില്‍ പ്രൊഫസര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍
ജയ് ശ്രീറാമും ക്രിക്കറ്റ് താരങ്ങളുടെ പേരുകളും ഉള്‍പ്പെടെ അപ്രസ്‌കതമായ കാര്യങ്ങള്‍ പരീക്ഷ ഉത്തരക്കടലാസില്‍ എഴുതിയ ഫാര്‍മസി വിദ്യാര്‍ഥികളെ ജയിപ്പിച്ച സംഭവത്തില്‍ രണ്ട് പ്രൊഫസര്‍മാര്‍ക്ക് സസ്!പെന്‍ഷന്‍. ഉത്തര്‍പ്രദേശിലെ ജാവുന്‍പൂരിലാണ് സംഭവം. 18 ഫാര്‍മസി വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ പുനഃപരിശോധന നടത്തിയപ്പോഴാണ് ക്രമക്കേട് പുറത്തുവന്നത്.

ജയ് ശ്രീറാമിനൊപ്പം ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്!ലി, രോഹിത് ശര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ പേരുകളുമാണ് വിദ്യാര്‍ഥികള്‍ ഉത്തരപേപ്പറില്‍ എഴുതിയത്. വീര്‍ ബഹാദൂര്‍ സിങ് പൂര്‍വാഞ്ചല്‍ യൂനിവേഴ്‌സിറ്റിയിലെ ദിവ്യാന്‍ഷു സിങ് എന്ന മുന്‍ വിദ്യാര്‍ഥി 18 ഫാര്‍മസി വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ പുനഃപരിശോധന നടത്തണമെന്ന് വിവരാവകാശ അപേക്ഷയിലൂടെ ആവശ്യപ്പെടുകയായിരുന്നു. വിദ്യാര്‍ഥികളുടെ റോള്‍ നമ്പര്‍ അടക്കം നല്‍കിയായിരുന്നു ആവശ്യം ഉന്നയിച്ചത്.

ദിവ്യാന്‍ഷു സമര്‍പ്പിച്ച തെളിവുകള്‍ പരീക്ഷയിലെ ക്രമക്കേടുകള്‍ പുറത്ത് കൊണ്ട് വരുന്നതായിരുന്നു. ജയ് ശ്രീറാം എന്നും ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്!ലി, രോഹിത് ശര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടേയും പേരുകള്‍ ഉത്തരക്കടലാസില്‍ എഴുതിവെച്ചവര്‍ക്ക് 50 ശതമാനത്തിലേറെ മാര്‍ക്ക് നല്‍കി വിജയിപ്പിച്ചതായി കണ്ടെത്തി. തുടര്‍ന്ന് പ്രൊഫസര്‍മാരായ വിനയ് വര്‍മ്മ, ആശിഷ് ഗുപ്ത എന്നിവര്‍ കൈക്കൂലി വാങ്ങി വിദ്യാര്‍ഥികളെ ജയിപ്പിച്ചുവെന്ന പരാതി ഗവര്‍ണര്‍ക്ക് നല്‍കുകയായിരുന്നു. സത്യവാങ്മൂലം സഹിതമാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്.

പിന്നാലെ യൂണിവേഴ്‌സിറ്റി ഇതുസംബന്ധിച്ച് അന്വേഷണം നടത്താന്‍ 2023 ഡിസംബര്‍ 21ന് ഒരു സമിതിയെ നിയോഗിക്കുകയും ചെയ്തു. സമിതിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ പരിശോധിച്ചതില്‍ ക്രമക്കേട് കണ്ടെത്തുകയും രണ്ട് പ്രൊഫസര്‍മാര്‍ക്കെതിരെ നടപടിയെടുക്കുകയുമായിരുന്നു.

Other News in this category



4malayalees Recommends