ഇന്ത്യയ്‌ക്കെതിരായ ഫ്‌ലോട്ട് ; കാനഡ സര്‍ക്കാര്‍ അക്രമത്തെ ആഘോഷിക്കുകയും മഹത്വവല്‍ക്കരിക്കുകയുമാണെന്ന് ഇന്ത്യ

ഇന്ത്യയ്‌ക്കെതിരായ ഫ്‌ലോട്ട് ; കാനഡ സര്‍ക്കാര്‍ അക്രമത്തെ ആഘോഷിക്കുകയും മഹത്വവല്‍ക്കരിക്കുകയുമാണെന്ന് ഇന്ത്യ
കാനഡയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ. ജസ്റ്റിന്‍ ട്രൂഡോയുടെ നേതൃത്വത്തിലുള്ള കാനഡ സര്‍ക്കാര്‍ അക്രമത്തെ ആഘോഷിക്കുകയും മഹത്വവല്‍ക്കരിക്കുകയുമാണെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. നിയമവാഴ്ചയെ ബഹുമാനിക്കുന്ന ജനാധിപത്യ രാജ്യങ്ങള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ തീവ്ര സംഘടനകളുടെ ഭീഷണി അനുവദിക്കരുതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം കാനഡയിലെ മാള്‍ട്ടണില്‍ നടന്ന നഗര്‍ കീര്‍ത്തന പരേഡിലെ ഫ്‌ലോട്ടിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു രണ്‍ധീര്‍ ജയ്‌സ്വാള്‍. ഇന്ത്യന്‍ രാഷ്ട്രീയ നേതൃത്വത്തിനെതിരെ കാനഡയിലെ തീവ്രവാദ ഘടകങ്ങള്‍ ഉപയോഗിക്കുന്ന അക്രമാസക്തമായ ചിത്രങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ ആവര്‍ത്തിച്ച് ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'കഴിഞ്ഞ വര്‍ഷം, നമ്മുടെ മുന്‍ പ്രധാനമന്ത്രിയുടെ കൊലപാതകം ചിത്രീകരിക്കുന്ന ഒരു ഫ്‌ലോട്ട് ഒരു ഘോഷയാത്രയില്‍ ഉപയോഗിച്ചിരുന്നു. കാനഡയിലുടനീളം ഇന്ത്യന്‍ നയതന്ത്രജ്ഞരുടെ പോസ്റ്ററുകള്‍ അവര്‍ക്കെതിരെ അക്രമം നടത്തുമെന്ന ഭീഷണിയോടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.' ജയ്‌സ്വാള്‍ പറഞ്ഞു. അക്രമത്തെ ആഘോഷിക്കുന്നതും മഹത്വവല്‍ക്കരിക്കുന്നതും ഒരു പരിഷ്‌കൃത സമൂഹത്തിന്റെ ഭാഗമാകരുത്. നിയമവാഴ്ചയെ ബഹുമാനിക്കുന്ന, ജനാധിപത്യ രാജ്യങ്ങള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ തീവ്ര ഘടകങ്ങളുടെ ഭീഷണി അനുവദിക്കരുത്' രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.

കാനഡയിലെ ഞങ്ങളുടെ നയതന്ത്ര പ്രതിനിധികളുടെ സുരക്ഷയെക്കുറിച്ച് ഞങ്ങള്‍ ആശങ്കാകുലരാണ്, അവര്‍ക്ക് അവരുടെ ഉത്തരവാദിത്തങ്ങള്‍ ഭയമില്ലാതെ നിര്‍വഹിക്കാന്‍ കഴിയുന്ന സാഹചര്യം കാനഡ സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ക്രിമിനല്‍, വിഘടനവാദ ഘടകങ്ങള്‍ക്ക് ഇടം നല്‍കുന്നത് നിര്‍ത്താന്‍ കാനഡ സര്‍ക്കാരിനോട് വീണ്ടും ആവശ്യപ്പെടുകയാണെന്നും രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.

Other News in this category



4malayalees Recommends