12 മണിക്കൂറില്‍ 6 നോട്ടെണ്ണല്‍ യന്ത്രങ്ങള്‍ കൊണ്ട് എണ്ണിതീര്‍ത്തത് 30 കോടി; ജാര്‍ഖണ്ഡ് മന്ത്രിയുടെ സെക്രട്ടറിയുടെ വീട്ടുസഹായിയില്‍ നിന്ന് പിടിച്ചെടുത്തത് നോട്ടുകളുടെ കൂമ്പാരം

12 മണിക്കൂറില്‍ 6 നോട്ടെണ്ണല്‍ യന്ത്രങ്ങള്‍ കൊണ്ട് എണ്ണിതീര്‍ത്തത് 30 കോടി; ജാര്‍ഖണ്ഡ് മന്ത്രിയുടെ സെക്രട്ടറിയുടെ വീട്ടുസഹായിയില്‍ നിന്ന് പിടിച്ചെടുത്തത് നോട്ടുകളുടെ കൂമ്പാരം
ജാര്‍ഖണ്ഡിലെ ഗ്രാമവികസനകാര്യ മന്ത്രി അലംഗീര്‍ ആലമിന്റെ പേഴ്‌സണല്‍ സെക്രട്ടറി സഞ്ജീവ് ലാലുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ തിങ്കളാഴ്ച ഇഡി നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത വലിയ തുക പിടിച്ചെടുത്തു. സഞ്ജീവ് ലാലിന്റെ വീട്ടുസഹായിയില്‍ നിന്ന് 30 കോടി രൂപയാണ് ഇഡി പിടിച്ചെടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 70കാരനായ അലംഗീര്‍ ആലം ജാര്‍ഖണ്ഡിലെ പാകൂര്‍ മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുന്നത്. ഒരു മുറിയില്‍ നിറയെ നോട്ടു കെട്ടുകള്‍ സൂക്ഷിച്ചിരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 12 മണിക്കൂറുകൊണ്ട് 6 നോട്ടെണ്ണല്‍ യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് നോട്ടുകെട്ടുകള്‍ എണ്ണിയത്.

കഴിഞ്ഞ വര്‍ഷം ഇഡി അറസ്റ്റ് ചെയ്ത ഗ്രാമവികസന വകുപ്പ് മുന്‍ ചീഫ് എഞ്ചിനീയര്‍ വീരേന്ദ്ര കെ റാമിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തിയത്. 100 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ച കേസില്‍ പ്രതിയാണ് വിരേന്ദ്ര കെ റാം. ചില പദ്ധതികള്‍ നടപ്പിലാക്കിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കന്‍ കേസില്‍ 2023 ഫെബ്രുവരിയിലാണ് ഇഡി ഇയാളെ അറസ്റ്റ് ചെയ്തത്. ജാര്‍ഖണ്ഡിലെ ചില രാഷ്ട്രീയക്കാരുമായുള്ള സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

ജാര്‍ഖണ്ഡിലെ ഗോഡ്ഡയില്‍ നിന്നുള്ള ബിജെപി എംപി നിഷികാന്ത് ദുബെത് സഞ്ജീവ് ലാലുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ ഇഡി നടത്തിയ റെയ്ഡിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ''30 കോടി രൂപയിലധികം കണ്ടെത്തി കഴിഞ്ഞു. ഇപ്പോഴും പണം എണ്ണിക്കൊണ്ടിരിക്കുകയാണ്. സഞ്ജീവിനെതിരേ ഇഡി വലിയ നടപടി സ്വീകരിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് ലെജിസ്ലേറ്റീവ് പാര്‍ട്ടി നേതാവും ജാര്‍ഖണ്ഡിലെ അഴിമതിയുടെ രാജാവായ ഹേമന്ത് സര്‍ക്കാരിലെ മന്ത്രി അലംഗീര്‍ ആലമിന്റെ പേഴ്‌സണല്‍ സെക്രട്ടറിയാണ് സഞ്ജീവ്,'' വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെത് പറഞ്ഞു.

Other News in this category



4malayalees Recommends