200ല്‍ 212 മാര്‍ക്ക് ; ഗുജറാത്തിലെ വിദ്യാര്‍ത്ഥിനിയുടെ മാര്‍ക്ക് ഞെട്ടിക്കുന്നത് ; അന്വേഷണം തുടങ്ങി

200ല്‍ 212 മാര്‍ക്ക് ; ഗുജറാത്തിലെ വിദ്യാര്‍ത്ഥിനിയുടെ മാര്‍ക്ക് ഞെട്ടിക്കുന്നത് ; അന്വേഷണം തുടങ്ങി
കണക്കില്‍ 200ല്‍ 212 മാര്‍ക്ക്. ഗുജറാത്തിയില്‍ 200ല്‍ 211 മാര്‍ക്ക്. തന്റെ മാര്‍ക്ക് ലിസ്റ്റ് കണ്ട് ഞെട്ടിയിരിക്കുകയാണ് വിദ്യാര്‍ത്ഥിനി. ഗുജറാത്തിലെ ദാഹോദ് ജില്ലയില്‍ പ്രൈമറി സ്‌കൂള്‍ പരീക്ഷാ ഫലത്തിലാണ് ഈ പിഴവുണ്ടായത്. സംഭവത്തില്‍ ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു.

ജലോദ് താലൂക്കിലെ ഖരാസന ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിലാണ് സംഭവം. മാര്‍ക്ക് ലിസ്റ്റ് കയ്യില്‍ കിട്ടിയപ്പോള്‍ വന്‍ഷിബെന്‍ മനീഷ്ഭായ് എന്ന വിദ്യാര്‍ത്ഥിനി അത്ഭുതപ്പെട്ടുപോയി. രണ്ട് വിഷയങ്ങളില്‍ പരമാവധി മാര്‍ക്കിനേക്കാള്‍ കൂടുതലായിരുന്നു വന്‍ഷിബെന്നിന്റെ മാര്‍ക്ക്. ഗുജറാത്തിയില്‍ 200ല്‍ 211 മാര്‍ക്ക് എന്നും കണക്കില്‍ 200ല്‍ 212 മാര്‍ക്ക് എന്നുമാണ് രേഖപ്പെടുത്തിയിരുന്നത്.

സംഭവം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ മാര്‍ക്ക് ലിസ്റ്റ് ക്രോഡീകരിക്കുമ്പോള്‍ വന്ന പിഴവ് എന്നാണ് അധികൃതരുടെ വിശദീകരണം. വിദ്യാര്‍ത്ഥിനിക്ക് പുതുക്കിയ മാര്‍ക്ക് ലിസ്റ്റ് നല്‍കി. ഗുജറാത്തിയില്‍ 200ല്‍ 191, കണക്കില്‍ 200ല്‍ 190 എന്നാണ് പുതിയ മാര്‍ക്ക് ലിസ്റ്റിലുള്ളത്. ബാക്കിയുള്ള വിഷയങ്ങളുടെ സ്‌കോറുകള്‍ മാറ്റമില്ലാതെ തുടര്‍ന്നു. ടോട്ടല്‍ മാര്‍ക്ക് നേരത്തെ ആയിരത്തില്‍ 956 ആയിരുന്നു. പുതിയ മാര്‍ക്ക് ലിസ്റ്റില്‍ അത് 1000ല്‍ 934 ആയി. മാര്‍ക്ക് ലിസ്റ്റിലെ പിഴവിനെ കുറിച്ച് ജില്ലാ വിദ്യാഭ്യാസ അധികൃതര്‍ അന്വേഷണം തുടങ്ങി.

Other News in this category



4malayalees Recommends