കൈക്കൂലി വാങ്ങുന്നതിനിടെ ആന്റി കറപ്ഷന്‍ ബ്യൂറോയുടെ പിടിയിലായി വില്ലേജ് ഡവലപ്മെന്റ് ഉദ്യോഗസ്ഥ. ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അജ്മീറിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥ സൊനാക്ഷി യാദവ് പിടിയിലായത്. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരമുള്ള അപേക്ഷയ്ക്കൊപ്പം പണം കൂടി നല്‍കണമെന്നായിരുന്നു സൊനാക്ഷി ആവശ്യപ്പെട്ടത്.
വീടു നിര്‍മ്മാണത്തിന് സഹായം ലഭിക്കുന്ന പദ്ധതിയില്‍ അപേക്ഷ സ്വീകരിച്ച് ഫണ്ട് നല്‍കാന്‍ 2500 രൂപ നല്‍കണമെന്നായിരുന്നു സൊനാക്ഷി ആദ്യം അപേക്ഷകനോട് ആവശ്യപ്പെട്ടത്. എന്നാല്‍ ആയിരം രൂപയാണ് പരാതിക്കാരന്‍ നല്‍കിയത്. കിട്ടുന്നതാവട്ടെ എന്നുപറഞ്ഞ ഉദ്യോഗസ്ഥ ബാക്കി പണം കൂടി നല്‍കിയാല്‍ മാത്രമേ ഫണ്ട് പൂര്‍ണമായും അംഗീകരിച്ചുതരികയുള്ളൂവെന്നും പറഞ്ഞു.
തുടര്‍ന്നാണ് പരാതിക്കാരന്‍ എസിബിയെ സമീപിച്ചത്. ഡിജിപിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഡിഐജി അനില്‍ കയാലിന്റെ മേല്‍നോട്ടത്തില്‍ ഇന്‍സ്പെക്ടര്‍ കന്‍ചന്‍ ഭാട്ടിയയാണ് ഉദ്യോഗസ്ഥയെ പിടികൂടിയത്. അഴിമതി നിരോധനനിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത സംഘം ഉദ്യോഗസ്ഥയെ ചോദ്യം ചെയ്തുവരികയാണ്.