'വല്യ ഡെക്കറേഷന്‍ ഒന്നും വേണ്ട...സുധാമണി'; ഫേസ്ബുക്ക് പോസ്റ്റുമായി പി ജയരാജന്റെ മകന്‍ ജെയ്ന്‍ രാജ്
അമൃതാനന്ദമയിയെ ആദരിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടി വിമര്‍ശിക്കപ്പെടുന്നതിനിടെ പോസ്റ്റുമായി മുതിര്‍ന്ന സിപിഐഎം നേതാവ് പി ജയരാജന്റെ മകന്‍ ജെയ്ന്‍ രാജ്. 'വല്യ ഡെക്കറേഷന്‍ ഒന്നും വേണ്ട...സുധാമണി' എന്നാണ് ജെയ്ന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ ലോകത്തെ അഭിസംബോധന ചെയ്ത് മലയാളത്തില്‍ പ്രസംഗിച്ചതിന്റെ രജതജൂബിലി ആഘോഷ വേളയിലാണ് അമൃതാനന്ദമയിയെ സംസ്ഥാന സര്‍ക്കാര്‍ ആദരിച്ചത്. അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസില്‍ നടന്ന ചടങ്ങില്‍ വകുപ്പ് മന്ത്രി സജി ചെറിയാനാണ് ആദരിച്ചത്. മാതാ അമൃതാനന്ദമയിയുടെ 72-ാം പിറന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ആയിരുന്നു ആദരം.
മാതൃഭാഷയ്ക്ക് ശക്തമായ സന്ദേശമാണ് അമൃതാനന്ദമയി നല്‍കിയതെന്ന് പറഞ്ഞ സജി ചെറിയാന്‍ അവരെ ആശ്ലേഷിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. അതിനിടെയാണ് പരോക്ഷമായി പരിഹസിച്ച് ജെയ്ന്‍ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാരിലെ മന്ത്രിയുടെ പ്രവര്‍ത്തി തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നതാണ് പ്രധാന വിമര്‍ശനം. സുധാമണി എന്നായിരുന്നു മാതാഅമൃതാനന്ദമയിയുടെ ആദ്യകാല പേര്. പിന്നീട് അമൃതാനന്ദമയി എന്ന പേര് സ്വീകരിക്കുകയായിരുന്നു.