ഏഷ്യാകപ്പ് പരാജയത്തിന് പിന്നാലെ റണ്ണേഴ്‌സ് അപ് ചെക്ക് വലിച്ചെറിഞ്ഞ് പാക് ക്യാപ്റ്റന്റെ കലി ; സ്റ്റേഡിയത്തില്‍ കൂക്കി വിളി

ഏഷ്യാകപ്പ് പരാജയത്തിന് പിന്നാലെ റണ്ണേഴ്‌സ് അപ് ചെക്ക് വലിച്ചെറിഞ്ഞ് പാക് ക്യാപ്റ്റന്റെ കലി ; സ്റ്റേഡിയത്തില്‍ കൂക്കി വിളി
ഏഷ്യകപ്പ് ഫൈനലില്‍ ഇന്ത്യയോട് തോറ്റതിന് പിന്നാലെ സമ്മാനദാന ചടങ്ങില്‍ പാക് നായകന്റെ കലി തീര്‍ക്കല്‍.റണ്ണേഴ്‌സ് അപ് ചെക്ക് വലിച്ചെറിഞ്ഞാണ് പാക് ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗ കലിപ്പ് തീര്‍ത്തത്. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രതിനിധി അമിനുള്‍ ഇസ്‌ലാമില്‍ നിന്ന് ചെക്ക് സ്വീകരിച്ചതിന് പിന്നാലെയായിരുന്നു ആഗയുടെ പരാക്രമം. ഇതോടെ സ്റ്റേഡിയത്തിലുണ്ടായിരുന്ന ആരാധകര്‍ കൂക്കി വിളിക്കുകയും ചെയ്തു.പരാജയം കഠിനമാണെന്ന് ആഗ പ്രതികരിച്ചു.

'കയ്പ് നിറഞ്ഞതാണ് ഈ തോല്‍വി. ബാറ്റിംഗില്‍ ഞങ്ങള്‍ അത്ര മികച്ച പ്രകടനം പുറത്തെടുത്തുവെന്ന് ഞാന്‍ കരുതുന്നില്ല. പക്ഷേ ഏറ്റവും നന്നായി പന്തെറിഞ്ഞു. സാധ്യമാകുന്ന ഏറ്റവും നല്ല രീതിയില്‍ അര്‍പ്പണ മനോഭാവത്തോടെ കളിച്ചു. പക്ഷേ നന്നായി അത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ഈ കഥ മാറിയേനെ. സ്‌ട്രൈക്ക് കൈമാറുന്നതിലടക്കം വീഴ്ച സംഭവിച്ചു. ഒരു സമയത്ത് വിക്കറ്റുകള്‍ തുരുതുരെ വീണു. പ്രതീക്ഷിച്ച റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ ഞങ്ങള്‍ക്ക് കഴിയാതെ പോയതും അതുകൊണ്ടാണ്,' ആഗ വിശദീകരിച്ചു.

'ബാറ്റിംഗിലെ പാളിച്ച അടിയന്തരമായി പാകിസ്ഥാന്‍ തിരുത്താനുണ്ട്. ഇന്ത്യ ഏറ്റവും മികച്ച രീതിയിലാണ് പന്തെറിഞ്ഞത്. ആറോവറില്‍ 63 റണ്‍സ് ഒരുഘട്ടത്തില്‍ ഇന്ത്യയ്ക്ക് വേണ്ടിയിരുന്നു. അപ്പോള്‍ കളി ഞങ്ങളുടെ പിടിയിലായെന്ന് ഞാന്‍ കരുതി. അതിന്റെ മുഴുവന്‍ ക്രെഡിറ്റും ബോളര്‍മാര്‍ക്കാണ്. എനിക്കവരെയോര്‍ത്ത് അഭിമാനമുണ്ട്,' ആഗ പറഞ്ഞു.

Other News in this category



4malayalees Recommends