ബിന്ദു പത്മനാഭന്‍ കൊലക്കേസ്: 19 വര്‍ഷത്തിന് ശേഷം ചുരുളഴിഞ്ഞു ;വസ്തുവിന്റെ പണമിടപാട് നിര്‍ണായകമായി

ബിന്ദു പത്മനാഭന്‍ കൊലക്കേസ്: 19 വര്‍ഷത്തിന് ശേഷം ചുരുളഴിഞ്ഞു ;വസ്തുവിന്റെ പണമിടപാട് നിര്‍ണായകമായി
2006ല്‍ കാണാതായ ചേര്‍ത്തല സ്വദേശിനി ബിന്ദു പത്മനാഭന്റെ കൊലപാതകക്കേസില്‍ 19 വര്‍ഷങ്ങള്‍ക്ക് ശേഷം നിര്‍ണായക വഴിത്തിരിവ്. ബിന്ദുവിന്റെ ഭൂമി വാങ്ങിയ സതീശനാണ് കേസില്‍ മുഖ്യസാക്ഷിയായി മാറിയത്. പ്രതിയായ സി.എം. സെബാസ്റ്റ്യന്റെ കുറ്റസമ്മതമൊഴി പ്രകാരം, വസ്തുവിന്റെ പണമിടപാട് നടത്തിയ അതേ ദിവസമാണ് ബിന്ദു കൊല്ലപ്പെട്ടത്. പ്രതിയെ കൂടാതെ, ബിന്ദുവിനെ അവസാനമായി ജീവനോടെ കണ്ട വ്യക്തിയും സതീശനാണ്.

ബിന്ദുവിന്റെ അമ്പലപ്പുഴയിലുള്ള സ്ഥലം വാങ്ങിയത് ചേര്‍ത്തല പള്ളിപ്പുറം സ്വദേശിയായ സതീശനായിരുന്നു. ഈ വസ്തുവില്‍പനയുടെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടില്‍ വെച്ചാണ് വില്‍പനക്കരാര്‍ എഴുതിയത്. ഈ സമയം ബിന്ദുവും സെബാസ്റ്റ്യനും സതീശനും മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. വസ്തു വില്‍പനയില്‍ സതീശനില്‍ നിന്ന് അഡ്വാന്‍സ് ലഭിച്ച ഒന്നര ലക്ഷം രൂപ തനിക്ക് വേണമെന്ന് സെബാസ്റ്റ്യന്‍ ബിന്ദുവിനോട് ആവശ്യപ്പെട്ടു. പണം നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഷാള്‍ കഴുത്തില്‍ മുറുക്കി ഞെരിച്ച് സെബാസ്റ്റ്യന്‍ ബിന്ദുവിനെ കൊലപ്പെടുത്തുകയായിരുന്നു. 2006 മെയ് 7-നാണ് ബിന്ദു കൊല്ലപ്പെട്ടത്.

കൊലപാതകത്തിന് ശേഷം മൃതദേഹം കഷണങ്ങളാക്കി മുറിച്ച് മറവ് ചെയ്തുവെന്നും, അഴുകിയ ശേഷം അസ്ഥികള്‍ കത്തിച്ച് ചാരമാക്കി വേമ്പനാട്ടുകായലില്‍ ഒഴുക്കിയെന്നുമാണ് സെബാസ്റ്റ്യന്‍ ക്രൈംബ്രാഞ്ചിനോട് കുറ്റസമ്മതം നടത്തിയത്. കസ്റ്റഡിയില്‍ വാങ്ങിയുള്ള ആദ്യഘട്ട തെളിവെടുപ്പിന് ശേഷം പ്രതിയായ സി.എം. സെബാസ്റ്റ്യനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വര്‍ഷങ്ങള്‍ പഴക്കമുള്ള കേസായതിനാല്‍ മൃതദേഹ അവശിഷ്ടങ്ങളോ അതുമായി ബന്ധപ്പെട്ട നേരിട്ടുള്ള തെളിവുകളോ കണ്ടെത്താനാകില്ല. അതിനാല്‍ സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും പ്രതിയുടെ കുറ്റസമ്മത മൊഴിയും അടിസ്ഥാനമാക്കിയാണ് ക്രൈംബ്രാഞ്ച് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്.

Other News in this category



4malayalees Recommends