അഫ്ഗാനില്‍ സമ്പൂര്‍ണ ഇന്റര്‍നെറ്റ് നിരോധനം ; വിമാന സര്‍വീസുകളും ബാങ്കിങ്ങ് മേഖലയും താറുമാറായി ; ജനം ദുരിതത്തില്‍
അഫ്ഗാനില്‍ സമ്പൂര്‍ണ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തി താലിബാന്‍ ഭരണകൂടം. ശരിയ നിയമ പ്രകാരം ഇന്റര്‍നെറ്റ് അധാര്‍മികമെന്ന് ചൂണ്ടിക്കാട്ടിയാണ് താലിബാന്‍ സര്‍ക്കാരിന്റെ നടപടി. തിങ്കളാഴ്ച അഫ്ഗാന്‍ സമയം വൈകീട്ട് അഞ്ച് മണിയോടെയാണ് നിരോധനം ഏര്‍പ്പെടുത്തിയത്. നടപടിയെ തുടര്‍ന്ന് ജനങ്ങള്‍ വന്‍ ദുരിതത്തിലാണ്.
കാബൂളില്‍ വിമാന സര്‍വീസുകള്‍ താറുമാറായി. മൊബൈല്‍ സര്‍വീസുകള്‍ സ്തംഭിച്ചു. ബാങ്കിംഗ് സമയം ആരംഭിക്കുന്നതോടെ ഇന്ന് പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുമെന്ന് ഉറപ്പാണ്. അഫ്ഗാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നിരവധി വിദേശ മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തെ നിരോധനം സാരമായി ബാധിച്ചിട്ടുണ്ട്. ഈ മാസം ആദ്യം നിരവധി പ്രവിശ്യകളില്‍ ഫൈബര്‍-ഒപ്റ്റിക് ഇന്റര്‍നെറ്റ് സേവനം താലിബാന്‍ അവസാനിപ്പിച്ചിരുന്നു. പകരം ആശയ വിനിമയ സംവിധാനം ഏത് രീതിയിലായിരിക്കുമെന്നോ നിരോധനം എത്രനാള്‍ തുടരുമെന്നോ താലിബാന്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.