ഗര്‍ഭം അലസിപ്പിക്കണമെന്നാവശ്യപ്പെട്ട ആണ്‍സുഹൃത്തിന്റെ കഴുത്തറത്ത പെണ്‍കുട്ടി അറസ്റ്റില്‍. ഛത്തീസ്ഗഡിലെ റായ്പൂരില്‍ ഞായറാഴ്ചയാണ് സംഭവം. നഗരത്തിലെ ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ലോഡ്ജില്‍വച്ചാണ് കൊല നടന്നത്. കൊലപാതകം നടത്തിയ ശേഷം പെണ്‍കുട്ടി അമ്മയോട് കാര്യങ്ങള്‍ തുറന്നുപറഞ്ഞതോടെയാണ് സംഭവം പുറത്തുവന്നത്.
ബിലാസ്പൂരിലെ കോനി സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 16 കാരി സെപ്തംബര്‍ 28നാണ് ആണ്‍സുഹൃത്ത് മൊഹമ്മദ് സദ്ദാമിനെ കാണാനായി റായ്പൂരിലെത്തിയത്. എംഎസ് എഞ്ചിനീയറിങ് ഓഫീസറായി ജോലി ചെയ്യുന്ന സദ്ദാം ബിഹാര്‍ സ്വദേശിയാണ്. രാമന്ദ മന്ദിര്‍ വാര്‍ഡിലെ ലോഡ്ജില്‍ ശനിയാഴ്ച മുതല്‍ ഇരുവരും ഒരുമിച്ച് താമസിക്കുകയായിരുന്നു.
ഇതിനിടയിലാണ് മൂന്നുമാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയോട് ഗര്‍ഭം അലസിപ്പിക്കാനായി സദ്ദാം ആവശ്യപ്പെടുന്നത്. വിവാഹം കഴിക്കാനാവില്ലെന്ന് പറഞ്ഞ് കത്തികാണിച്ച് ഭീഷണിപ്പെടുത്തിയതായും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. രാത്രി കിടന്നുറങ്ങുകയായിരുന്ന സദ്ദാമിനെ അതേ കത്തി ഉപയോഗിച്ച് പെണ്‍കുട്ടി കൊലപ്പെടുത്തുകയായിരുന്നു. ശേഷം സദ്ദാമിന്റെ മൊബൈല്‍ ഫോണെടുത്ത് മുറിക്ക് പുറത്തിറങ്ങിയ പെണ്‍കുട്ടി മുറി പൂട്ടി താക്കോല്‍ അടുത്തുള്ള റെയില്‍വേ ട്രാക്കിലേക്ക് വലിച്ചെറിഞ്ഞു.
പിറ്റേദിവസം രാവിലെ ബിലാസ്പൂരിലെത്തിയ 16 കാരി അമ്മയോട് കാര്യങ്ങള്‍ തുറന്നുപറഞ്ഞു. പിന്നാലെ അമ്മ മകളേയും കൂട്ടി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.