സമാധാന പദ്ധതിയ്ക്കുള്ള നിര്‍ദ്ദേശങ്ങള്‍ ;ഹമാസ് ഉടന്‍ നിലപാട് അറിയിച്ചില്ലെങ്കില്‍ ഫലം ദുഖകരമായിരിക്കും ; മുന്നറിയിപ്പുമായി ട്രംപ്
ഗാസയില്‍ സമാധാനത്തിന് ഡോണള്‍ഡ് ട്രംപ് അവതരിപ്പിച്ച പദ്ധതിയില്‍ നിലപാടറിയിക്കാന്‍ ഹമാസിന് മുന്നിലുള്ളത് മൂന്നോ നാലോ ദിവസങ്ങള്‍. പദ്ധതി അംഗീകരിച്ചില്ലെങ്കില്‍ ദുഖകരമായിരിക്കും ഫലമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. സമാധാന പ്രതീക്ഷ നല്‍കുന്നതിനൊപ്പം ഹമാസിനും ബെഞ്ചമിന്‍ നെതന്യാഹുവിനും ഒരുപോലെ സമ്മര്‍ദം നല്‍കുന്നതാണ് നിലവിലെ അമേരിക്കന്‍ പദ്ധതി. അറബ് - ഇസ്ലാമിക് - ഗള്‍ഫ് രാജ്യങ്ങളുടെ വലിയ പിന്തുണയാണ് പദ്ധതിക്കുള്ളത്.
പദ്ധതി നടന്നാല്‍ ഗാസയില്‍ ഹമാസിന്റെയും ഇസ്രയേലിന്റെയും റോള്‍ ഒരുപോലെ അവസാനിക്കുകയാണെന്ന് വേണം വിലയിരുത്താന്‍. ഹമാസ് അധികാരം വിട്ട് ആയുധം താഴെ വെച്ച് ഒഴിയണമെന്നും ഇസ്രയേല്‍ പിന്‍വാങ്ങണം എന്നെല്ലാം ആണ് നിര്‍ദേശങ്ങള്‍. പദ്ധതി ഹമാസ് പരിശോധിക്കുകയാണെന്നാണ് ഖത്തര്‍ അറിയിച്ചിരിക്കുന്നത്. കൂടിപ്പോയാല്‍ നാല് ദിവസത്തിനപ്പുറം ഹമാസിന് സമയം ലഭിക്കില്ലെന്നാണ് ട്രംപ് അറിയിക്കുന്നത്. ഹമാസ് എതിര്‍ക്കുന്നുണ്ടെങ്കിലും ഗാസയില്‍ താല്‍ക്കാലിക അന്താരാഷ്ട്ര ഭരണസമിതി വരും. ടോണി ബ്ലൈയറും ട്രംപും മേല്‍നോട്ടം വഹിക്കും. ഇതു നെതന്യാഹുവിന് സമ്മര്‍ദ്ദമേകും.