കരൂര്‍ ദുരന്തത്തില്‍ വിജയ്യുടെ പ്രതികരണം വന്നതിന് പിന്നാലെ വാര്‍ത്താ സമ്മേളനം വിളിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമുണ്ടെന്നും സമൂഹമാധ്യമങ്ങളിലെ തെറ്റായ പ്രചരണം ഒഴിവാക്കാന്‍ വേണ്ടിയാണ് വാര്‍ത്താസമ്മേളനമെന്നും സര്‍ക്കാര്‍ വക്താവ് അമുദ ഐഎഎസ് വ്യക്തമാക്കി. വിജയ് കരൂരില്‍ 12 മണിക്ക് എത്തുമെന്ന ടിവികെയുടെ പ്രചാരണത്തിന്റെ ദൃശ്യവും ടിവികെ പ്രവര്‍ത്തകര്‍ കടകള്‍ക്ക് മുകളിലേക്ക് കയറുന്നതിന്റെ ദൃശ്യങ്ങളും സര്‍ക്കാര്‍ പുറത്തുവിട്ടു. കുഴഞ്ഞുവീണ ആളുകളെ പൊലീസ് പരിചരിക്കുന്നതിന്റെയും തിരക്കിലും പെട്ട് വീണ ആളുകള്‍ക്ക് മുകളിലേക്ക് വീണ്ടും ആളുകള്‍ വീഴുന്ന ദൃശ്യങ്ങളും പുറത്തു വിട്ടിട്ടുണ്ട്. ടിവികെ നേതാക്കളുടെ അറസ്റ്റുകളെ വിമര്‍ശിച്ചുള്ള വിജയ്യുടെ പ്രതികരണത്തിനും അവര്‍ മറുപടി നല്‍കി.
തുടര്‍നടപടികള്‍ ഇനിയും ഉണ്ടാകുമെന്ന് അവര്‍ വ്യക്തമാക്കി. വൈദ്യുതി ബന്ധം വിച്ഛേദിച്ചുവെന്ന ആരോപണവും സര്‍ക്കാര്‍ തള്ളി. വൈദ്യുതി വിച്ഛേദിച്ചിട്ടില്ലെന്നും പ്രവര്‍ത്തകര്‍ ജനറേറ്റര്‍ വെച്ച ഭാഗത്തേക്ക് ഇടിച്ചു കയറിയെന്നും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ജനറേറ്റര്‍ തകരാറായതു കൊണ്ട് ചില ലൈറ്റുകള്‍ അണഞ്ഞതാണ്. അതിന്റെ ദൃശ്യങ്ങളും സര്‍ക്കാര്‍ പുറത്തുവിട്ടു. വിജയ്യുടെ വാഹനം വരുന്നതിന് മുമ്പ് തന്നെ ജനം നിറഞ്ഞു. വാഹനം മുന്നോട്ടു പോകരുതെന്ന് പൊലീസ് നിര്‍ദ്ദേശം നല്‍കിയെങ്കിലും സംഘാടകര്‍ അത് അനുസരിച്ചില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
തന്റെ ഹൃദയം വേദന കൊണ്ട് പിടയുകയാണെന്നും തന്നോടുളള സ്നേഹം കൊണ്ടാണ് ജനങ്ങള്‍ റാലിക്കെത്തിയതെന്നും പുറത്തുവിട്ട വീഡിയോയിലൂടെ വിജയ് പറഞ്ഞിരുന്നു. ദുരന്തത്തില്‍ രാഷ്ട്രീയം കലര്‍ത്താനില്ലെന്നും സത്യം പുറത്തുവരുമെന്നും വികാരാധീനനായി വിജയ് പറഞ്ഞു. ഇത്രയും ആളുകള്‍ക്ക് ദുരിതം ബാധിക്കുമ്പോള്‍ എങ്ങനെയാണ് തനിക്ക് നാടുവിടാനാവുകയെന്നും ചില പ്രത്യേക സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് അവിടേക്ക് വരാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എക്സിലൂടെയായിരുന്നു വിജയ് വീഡിയോ സന്ദേശം പങ്കുവെച്ചത്.
'നടക്കാന്‍ പാടില്ലാത്തതാണ് നടന്നത്. ഞാനും മനുഷ്യനാണ്. ഇത്രയും ആളുകള്‍ക്ക് ദുരിതം ബാധിക്കുമ്പോള്‍ എങ്ങനെയാണ് എനിക്ക് നാടുവിട്ട് വരാനാവുക. ചില പ്രത്യേക സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് അവിടേക്ക് വരാതിരുന്നത്. പരിക്ക് പറ്റിയവരെ എത്രയും വേഗം കാണും. വേദനയില്‍ കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി. നേതാക്കള്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും എല്ലാം നന്ദി. അഞ്ച് ജില്ലകളില്‍ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. കരൂരില്‍ മാത്രം എന്തുകൊണ്ട് ഇത് സംഭവിച്ചു?. പൊതുജനങ്ങള്‍ക്ക് എല്ലാ സത്യവും മനസിലാകും. ജനങ്ങള്‍ എല്ലാം കണ്ടുകൊണ്ടിരിക്കുന്നുണ്ട്. ജനങ്ങള്‍ സത്യം വിളിച്ചു പറയുമ്പോള്‍ ദൈവം ഇറങ്ങി വന്ന് സത്യം വിളിച്ചു പറയുന്നതുപോലെ തോന്നി. തെറ്റൊന്നും ചെയ്തിട്ടില്ല. എന്നിട്ടും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും സമൂഹമാധ്യമങ്ങളില്‍ സംസാരിച്ചവര്‍ക്കുമെതിരെ കേസെടുത്തു കൊണ്ടിരിക്കുന്നു. എന്നെ എന്ത് വേണമെങ്കിലും ചെയ്‌തോളൂ. എന്റെ പ്രവര്‍ത്തകരെയും നേതാക്കളെയും ഒന്നും ചെയ്യരുത്', വിജയ് പറഞ്ഞു.