വിവാഹ ദിവസം രാത്രിയില്‍ തന്നെ വരന്‍ തന്റെ നവവധുവിനെ ഉപേക്ഷിച്ചു. ഇതിന്റെ കാരണമാണ് ഞെട്ടിക്കുന്നത്. വധു ബന്ധുവായ യുവാവിനൊപ്പം നൃത്തം ചെയ്തതാണ് വരനെ ചൊടിപ്പിച്ചത്. ഇതോടെ അയാള്‍ ബന്ധം ഉപേക്ഷിക്കുകയായിരുന്നു.
ദമ്പതികളുടെ വിവാഹ ചടങ്ങ് സന്തോഷകരമായാണ് ആരംഭിച്ചത്. എന്നാല്‍ വധുവിന്റെ നൃത്തത്തെ ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ചൂടേറിയ തര്‍ക്കവിഷയമായതോടെ സാഹചര്യം കൂടുതല്‍ വഷളായി. വധു തന്റെ ബന്ധു സഹോദരങ്ങള്‍ക്കൊപ്പം നൃത്തം ചെയ്യുന്നത് കണ്ടതോടെ വരന്‍ അസ്വസ്ഥനായി. ഇതാണ് പ്രശ്നത്തിന് കാരണം. ഇതേച്ചൊല്ലി ദമ്പതികള്‍ തമ്മില്‍ വാക്കുതര്‍ക്കമായി.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഓണ്‍ലൈനില്‍ പ്രചരിക്കുന്നത്. വരന്‍ വധുവിനോട് ആക്രോശിക്കുകയും അതിഥികള്‍ക്ക് മുന്നില്‍വെച്ച് അവളോട് അപമര്യാദയായി പെരുമാറുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം. വധുവും അയാളോട് രൂക്ഷമായി തന്നെ പ്രതികരിക്കുന്നുണ്ട്. എന്നാല്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവര്‍ അവരെ ശാന്തരാക്കാനും പിടിച്ചുമാറ്റാനും ശ്രമിക്കുന്നു. ഇതൊന്നും വകവെയ്ക്കാതെ ദമ്പതികള്‍ പരസ്പരം തര്‍ക്കിക്കുന്നത് വീഡിയോയില്‍ കാണാം.
താന്‍ ഈ ബന്ധം അവസാനിപ്പിക്കുകയാണെന്ന് വരന്‍ പ്രഖ്യാപിച്ചതോടെയാണ് തര്‍ക്കം തീര്‍ന്നത്.