ഗാസയില്‍ നിര്‍ണായക സൈനിക നീക്കം നടത്തിയെന്നും സൈന്യം നെറ്റ്‌സാരിം ഇടനാഴി പിടിച്ചെടുത്തെന്നും ഇസ്രയേലിന്റെ പ്രഖ്യാപനം. ഈ നടപടിയിലൂടെ ഗാസയെ രണ്ടായി വിഭജിക്കുന്ന തരത്തില്‍ സൈനിക നിയന്ത്രണം ശക്തമാക്കിയിരിക്കുകയാണ് ഇസ്രയേല്‍. ഗാസ സിറ്റിയെ പൂര്‍ണമായി വളഞ്ഞതായി ഇസ്രയേല്‍ പ്രതിരോധ മന്ത്രി അവകാശപ്പെട്ടു.
ഗാസ സിറ്റിയില്‍ അവശേഷിക്കുന്ന ജനങ്ങള്‍ ഉടന്‍ സ്ഥലം വിടണമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി. ഇല്ലെങ്കില്‍ അവരെ തീവ്രവാദികളോ അവരെ പിന്തുണയ്ക്കുന്നവരോ ആയി കണക്കാക്കുമെന്നും ഇസ്രയേല്‍ വ്യക്തമാക്കി. ഈ കടുത്ത നിലപാട് പ്രദേശത്തെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാക്കിയിരിക്കുകയാണ്.
ഗാസയിലെ ജനങ്ങള്‍ക്ക് നഗരം വിടാനുള്ള അവസാന അവസരമാണ് നല്‍കുന്നതെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ആവര്‍ത്തിച്ചു. ഇസ്രയേലിന്റെ ഈ നടപടികള്‍ പ്രദേശത്തെ മാനുഷിക പ്രതിസന്ധി കൂടുതല്‍ വഷളാക്കുമെന്ന് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സമാധാന നിര്‍ദേശങ്ങള്‍ക്കിടെയാണ് ഇസ്രയേലിന്റെ ശക്തമായ നീക്കമെന്നത് ശ്രദ്ധേയമാണ്. അതേസമയം ട്രംപിന്റെ സമാധാന നിര്‍ദ്ദേശങ്ങളോട് ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.