യുപി ഭീകരവിരുദ്ധ സ്‌ക്വാഡ് മുജാഹിദീന്‍ ആര്‍മിയുടെ നേതാവിനെ മലപ്പുറത്തു നിന്ന് അറസ്റ്റ് ചെയ്തു
സര്‍ക്കാരിനെ അട്ടിമറിക്കാനും ശരിയത്ത് നിയമം നടപ്പാക്കാനും പദ്ധതിയിട്ടെന്നാരോപിച്ച് 'മുജാഹിദീന്‍ ആര്‍മി'യുടെ മുഖ്യസൂത്രധാരനെ ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) കേരളത്തില്‍ നിന്ന് പിടികൂടി. മുജാഹിദീന്‍ ആര്‍മിയുടെ മുഖ്യസൂത്രധാരനും ഗ്രൂപ്പ് നേതാവുമായ മുഹമ്മദ് റാസ എന്നയാളെയാണ് മലപ്പുറത്ത് നിന്ന് എടിഎസ് അറസ്റ്റ് ചെയ്തതെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു. യുപിയിലെ ഫത്തേപൂര്‍ ജില്ലക്കാരനാണ് റാസ. കേരളത്തില്‍ താമസിച്ചാണ് ഇയാള്‍ ഭീകര സംഘടനയെ നയിച്ചിരുന്നതെന്ന് യുപി എടിഎസ് പറയുന്നു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാനും ശരിയത്ത് നിയമം നടപ്പാക്കാനും ഇയാള്‍ പദ്ധതിയിട്ടിരുന്നുവെന്നും പാകിസ്ഥാന്‍ തീവ്രവാദ ഗ്രൂപ്പുകളില്‍ സ്വാധീനം ചെലുത്തി ഇന്ത്യയില്‍ നിന്ന് സമാന ചിന്താഗതിക്കാരായ ആളുകളെ റിക്രൂട്ട് ചെയ്തിരുന്നതായും എ.ടി.എസ് പറയുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. വിവിധ സോഷ്യല്‍ മീഡിയ ആപ്പുകളിലൂടെയും ഗ്രൂപ്പുകളിലൂടെയും ഓണ്‍ലൈനായി ഫണ്ട് ശേഖരിച്ചിരുന്നുവെന്നും ഏജന്‍സി പറയുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഓണ്‍ലൈനായി ശേഖരിച്ച ഫണ്ട് റാസയുടെ അക്കൗണ്ടിലേക്ക് എത്തിച്ചു. ഈ പണം ഇന്ത്യന്‍ മണ്ണിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാന്‍ പദ്ധതിയിട്ടു. നേരത്തെ, ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇയാളുടെ മൂന്ന് കൂട്ടാളികളെ എടിഎസ് അറസ്റ്റ് ചെയ്തിരുന്നു.
റാസയെ ലഖ്നൗവിലേക്ക് കൊണ്ടുവരുന്നതിനും കോടതിയില്‍ ഹാജരാക്കുന്നതിനും ഭീകര ശൃംഖലയെയും അതിന്റെ കൂട്ടാളികളെയും കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുന്നതിനും എ.ടി.എസ് ട്രാന്‍സിറ്റ് റിമാന്‍ഡ് ആവശ്യപ്പെടും. എ.ടി.എസ് നേരത്തെ അറസ്റ്റ് ചെയ്തവരില്‍ അക്മല്‍ റാസ, സഫീല്‍ സല്‍മാനി എന്ന അലി റാസ്വി, മുഹമ്മദ് തൗഫീഖ്, ഖാസിം അലി എന്നിവരും ഉള്‍പ്പെടുന്നു. ഇവരെല്ലാം യു.പി സ്വദേശികളാണെന്നും എ.ടി.എസ് നടത്തിയ റെയ്ഡുകളില്‍ വിവിധ ജില്ലകളില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.