തര്‍ക്കം അവസാനിച്ചു ; മൂക്കുത്തി അമ്മന്‍ 2വിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

തര്‍ക്കം അവസാനിച്ചു ; മൂക്കുത്തി അമ്മന്‍ 2വിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
സുന്ദര്‍ സി സംവിധാനം ചെയ്യുന്ന നയന്‍താര ചിത്രം മൂക്കുത്തി അമ്മന്‍ 2വിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ദേവിയായി തേജസ്സോടെ ഇരിക്കുന്ന നയന്‍താരയുടെ ചിത്രമാണ് പോസ്റ്ററിന്റെ പ്രധാന ആകര്‍ഷണം. വമ്പന്‍ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ഈ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ മാസമാണ് പൂര്‍ത്തിയായത്. 100 കോടിക്ക് മുകളിലാണ് മൂക്കുത്തി അമ്മന്റെ ബഡ്ജറ്റ്. ചിത്രത്തിന്റെ ഒന്നാം ഭാഗത്തിനെതിരെ ഒരുപാട് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ഈ അടുത്താണ് ചില തര്‍ക്കങ്ങള്‍ മൂലം സിനിമയുടെ ചിത്രീകരണം താത്കാലികമായി നിര്‍ത്തിവെച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ വന്നത്. വേഷത്തെച്ചൊല്ലി സഹസംവിധായകനും നയന്‍താരയും തമ്മില്‍ സെറ്റില്‍ തര്‍ക്കമുണ്ടായെന്നും സഹസംവിധായകനെ നടി ശാസിച്ചുവെന്നും ഹിന്ദു തമിഴ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സംഭവത്തില്‍ ഇടപെട്ട സംവിധായകന്‍ സുന്ദര്‍ സി ഷൂട്ട് നിര്‍ത്തിവെച്ചുവെന്നുമായിരുന്നു റിപ്പോര്‍ട്ട്. ഇതിനെതിരെ സംവിധായകന്റെ ഭാര്യയും നടിയുമായ ഖുശ്ബുവും രംഗത്ത് വന്നിരുന്നു. സിനിമയെക്കുറിച്ച് ഏറെ അനാവശ്യമായ അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. എന്നാല്‍ സിനിമയുടെ ചിത്രീകരണം നല്ല രീതിയില്‍ പോകുന്നുണ്ടെന്നായിരുന്നു ഖുശ്ബു പറഞ്ഞത്.

2020-ല്‍ ആര്‍ ജെ ബാലാജി, എന്‍ ജെ ശരവണന്‍ എന്നിവര്‍ സംവിധാനം ചെയ്ത മൂക്കുത്തി അമ്മന്‍ കോമഡി പശ്ചാത്തലത്തിലാണ് ഒരുങ്ങിയത്. ജീവിതം മുന്‍പോട്ട് പോകാന്‍ കഷ്ടപ്പെടുന്ന ഒരു യുവാവിന്റെ മുന്നില്‍ മൂക്കുത്തി അമ്മന്‍ എന്ന അയാളുടെ കുല ദൈവം പ്രത്യക്ഷപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് മൂക്കുത്തി അമ്മന്‍ പറഞ്ഞത്. ഇതിന്റെ രണ്ടാം ഭാഗമായാണ് മൂക്കുത്തി അമ്മന്‍ 2 എത്തുന്നത്.

Other News in this category



4malayalees Recommends