ഹമാസ് അധികാരം ഒഴിയാന്‍ വിസമ്മതിച്ചാല്‍ അവരെ ഉന്മൂലനം ചെയ്യും ; സമാധാന ചര്‍ച്ചകള്‍ തുടങ്ങുന്നതിന് മുന്നേ ഹമാസിന് അന്ത്യശാസനവുമായി ട്രംപ്
സമാധാന ചര്‍ച്ചകള്‍ തുടങ്ങുന്നതിന് മുന്നേ ഹമാസിന് അന്ത്യശാസനവുമായി ട്രംപ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. താന്‍ മുന്നോട്ട് വച്ച സമാധാന പദ്ധതിയുടെ പശ്ചാത്തലത്തില്‍ ഹമാസ് അധികാരം ഒഴിയാന്‍ വിസമ്മതിച്ചാല്‍ അവരെ ഉന്മൂലനം ചെയ്യുമെന്നാണ് ട്രംപിന്റെ പുതിയ ഭീഷണി. 'ഗാസയില്‍ നിന്നും ഹമാസ് സമ്പൂര്‍ണമായി അധികാരം ഒഴിയണം, അല്ലാത്ത പക്ഷം ഹമാസിനെ തുടച്ചുനീക്കും' - എന്നാണ് ട്രംപ് വ്യക്തമാക്കിയത്. ഹമാസ് അധികാരത്തില്‍ തുടരുമെന്ന് നിര്‍ബന്ധം പിടിച്ചാല്‍ എന്ത് സംഭവിക്കുമെന്ന സി എന്‍ എന്‍ റിപ്പോര്‍ട്ടര്‍ ജെയ്ക്ക് ടാപ്പര്‍ ടെക്സ്റ്റ് സന്ദേശത്തിലൂടെ ചോദിച്ചപ്പോളായിരുന്നു ട്രംപ്, അന്ത്യശാസനം മുഴക്കിയത്.
ഇസ്രയേല്‍ ഗാസയിലെ ബോംബാക്രമണം അവസാനിപ്പിക്കുമോയെന്ന ചോദ്യത്തിന് അതേ എന്നായിരുന്നു ട്രംപിന്റെ മറുപടി. ഗാസയുടെ നിയന്ത്രണവും അധികാരവും ഹമാസ് ഉപേക്ഷിക്കാത്തപക്ഷം അവര്‍ 'പൂര്‍ണ നാശം' നേരിടേണ്ടിവരുമെന്നും അമേരിക്കന്‍ പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി. ഹമാസ് അവരുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍, ട്രംപ് ഭരണകൂടം കൂടുതല്‍ കര്‍ശനമായ നടപടികളിലേക്ക് നീങ്ങിയേക്കാമെന്ന ആശങ്ക കൂടിയാണ് ഇതോടെ ഉയരുന്നത്. അങ്ങനെയെങ്കില്‍ ഗാസയിലെ സംഘര്‍ഷം കൂടുതല്‍ സങ്കീര്‍ണമാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.