പ്രണയം നടിച്ചു വീട്ടമ്മയില്‍നിന്ന് 10 പവന്‍ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് നീലേശ്വരം മണ്ഡലം ജനറല്‍ സെക്രട്ടറിയും ഐഎന്‍ടിയുസി നേതാവുമായ നീലേശ്വരം മാര്‍ക്കറ്റിലെ കാട്ടിക്കുളത്ത് ഷെനീറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് ഇന്‍സ്പെക്ടര്‍ കെ. ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന വീട്ടമ്മയെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി പരിചയപ്പെട്ടാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. പരിചയം സ്ഥാപിച്ച് മൂന്ന് ദിവസം കൊണ്ടാണ് പ്രതി പണയം വെക്കാനെന്ന വ്യാജേന 10 പവന്‍ സ്വര്‍ണം കൈക്കലാക്കിയത്. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു. കബളിപ്പിക്കപ്പെട്ടതായി മനസ്സിലാക്കിയ വീട്ടമ്മ മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. നീലേശ്വരം പോലീസിന്റെ സഹായത്തോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അതേസമയം, ഏതാനും മാസങ്ങള്‍ക്കുമുമ്പ് ചന്തേര പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു വീട്ടമ്മയെയും സമാനമായ രീതിയില്‍ ഇയാള്‍ തട്ടിപ്പിനിരയാക്കിയിരുന്നു. എന്നാല്‍ അന്ന് വീട്ടമ്മ പോലീസില്‍ പരാതി നല്‍കിയെങ്കിലും പണം തിരിച്ചുനല്‍കി കേസ് ഒത്തുതീര്‍പ്പാക്കുകയായിരുന്നു