ഇന്ത്യ യുദ്ധവിമാനങ്ങളുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ മൂടപ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കി പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇന്ത്യയുടെ സൈനിക, രാഷ്ട്രീയ നേതാക്കളുടെ സമീപകാല പരാമര്‍ശങ്ങള്‍ക്ക് മറുപടിയായായിരുന്നു പാക് പ്രതിരോധമന്ത്രിയുടെ പ്രകോപനപരമായ പരാമര്‍ശം. ഇന്ത്യയിലെ സൈനിക, രാഷ്ട്രീയ നേതാക്കളുടെ സമീപകാല അഭിപ്രായങ്ങളെ നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാനുള്ള ഒരു പരാജയപ്പെട്ട ശ്രമമായാണ് ആസിഫ് എക്സിലെ ഒരു പോസ്റ്റില്‍ വിശേഷിപ്പിച്ചത്. ആഭ്യന്തരമായ പ്രതിഷേധങ്ങളില്‍ നിന്ന് ആളുകളുടെ ശ്രദ്ധ തിരിക്കാന്‍ വേണ്ടി സര്‍ക്കാര്‍ മനഃപൂര്‍വം സംഘര്‍ഷങ്ങള്‍ ആളിക്കത്തിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഓപ്പറേഷന്‍ സിന്ദൂറില്‍ പാക് യുദ്ധ വിമാനങ്ങള്‍ തകര്‍ത്തതായി ഇന്ത്യന്‍ വ്യോമസേനാ മേധാവിയും ഇനി ഒരു പ്രകോപനമുണ്ടായാല്‍ പാകിസ്ഥാന്‍ ഭൂപടത്തിലുണ്ടാകില്ലെന്ന് കരസേനാ മേധാവിയും അടുത്തിടെ പറഞ്ഞിരുന്നു
'പാകിസ്ഥാന്‍ അല്ലാഹുവിന്റെ പേരില്‍ കെട്ടിപ്പടുത്ത ഒരു രാഷ്ട്രമാണ്, നമ്മുടെ പ്രതിരോധക്കാര്‍ അല്ലാഹുവിന്റെ പടയാളികളാണ്. ഇത്തവണ ഇന്ത്യ, അവരുടെ വിമാനങ്ങളുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുഴിച്ചുമൂടപ്പെടും,' അദ്ദേഹം പറഞ്ഞു.
ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് മറുപടിയായി മെയ് 7-ന് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാനിലെ നിരവധി ഭീകര അടിസ്ഥാന സൗകര്യങ്ങള്‍ ആക്രമിച്ച് 100-ലധികം ഭീകരരെ വധിക്കുകയും നിരവധി പാകിസ്ഥാന്‍ ഡ്രോണുകളും ജെറ്റുകളും നശിപ്പിക്കുകയും കൂടാതെ പാകിസ്ഥാന്റെ സൈനിക വ്യോമതാവളങ്ങളെ അക്രമിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തെളിവായി ഉപഗ്രഹ ചിത്രങ്ങളടക്കം ഇന്ത്യ പുറത്തു വിട്ടിരുന്നു. എന്നാല്‍ ഇന്ത്യയെ തിരിച്ച് ആക്രമിച്ചതിന് യാതൊരു തെളിവും പുറത്തുവിടാതെ പാകിസ്ഥാന്‍ ആവര്‍ത്തിച്ച് വിജയം അവകാശപ്പെടുകയായിരുന്നു.