'ടോര്‍പിഡോ കഴിഞ്ഞതിന് ശേഷമേ ഓപ്പറേഷന്‍ കംബോഡിയ ആരംഭിക്കൂ ; തരുണ്‍ മൂര്‍ത്തി
തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത് 2021 ല്‍ പുറത്തുവന്ന ഹിറ്റ് ആക്ഷന്‍ ക്രൈം സിനിമയായിരുന്നു 'ഓപ്പറേഷന്‍ ജാവ'. മികച്ച അഭിപ്രായം നേടിയ സിനിമ ബോക്‌സ് ഓഫീസിലും വലിയ വിജയമാണ് നേടിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 'ഓപ്പറേഷന്‍ കംബോഡിയ' എന്ന് പേരിട്ട സിനിമയില്‍ പൃഥ്വിരാജ് സുകുമാരന്‍ ആണ് നായകനായി എത്തുന്നത്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് കൂടുതല്‍ അപ്‌ഡേറ്റ് നല്‍കുകയാണ് തരുണ്‍ മൂര്‍ത്തി.
'ടോര്‍പിഡോ കഴിഞ്ഞതിന് ശേഷമേ ഓപ്പറേഷന്‍ കംബോഡിയ ആരംഭിക്കൂ. ചിത്രത്തില്‍ രാജു ഏട്ടനേയും നമ്മുടെ ടീമിനെയും മാത്രമേ കാസ്റ്റ് ചെയ്തിട്ടുള്ളൂ ബാക്കി ഇനിയും ഒരുപാട് പണിയുണ്ട്', തരുണ്‍ മൂര്‍ത്തിയുടെ വാക്കുകള്‍. പൃഥ്വിരാജിനൊപ്പം ആദ്യ ഭാഗത്തിലെ താരങ്ങളായ ലുക്മാന്‍, ബാലു വര്‍ഗീസ്, ബിനു പപ്പു, പ്രശാന്ത് അലക്സാണ്ടര്‍, ഇര്‍ഷാദ് അലി എന്നിവരുമുണ്ട്. ഓപ്പറേഷന്‍ ജാവ യൂണിവേഴ്സ് ആരംഭിക്കുകയാണെന്നും അതിലെ അടുത്ത സിനിമയാണ് ഇതെന്നുമാണ് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് തരുണ്‍ മൂര്‍ത്തി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. അടുത്ത ചിത്രമായ ടോര്‍പിഡോക്ക് ശേഷമാകും തരുണ്‍ ഈ സിനിമയിലേക്ക് കടക്കുക. '2021-ല്‍ നിര്‍ത്തിയ സ്ഥലത്ത് നിന്ന് പുനരാരംഭിക്കുന്നു. പുതിയ OPJ ഫ്രാഞ്ചൈസിയായ ഓപ്പറേഷന്‍ കംബോഡിയയിലേക്ക് പൃഥ്വിരാജിന് സ്വാഗതം'-എന്നാണ് പോസ്റ്റ് പങ്കുവെച്ചുകൊണ്ട് തരുണ്‍ മൂര്‍ത്തി കുറിച്ചത്.