തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ സലിത കുമാരിയുടെ ആത്മഹത്യയില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ജോസ് ഫ്രാങ്ക്ളിന് എതിരെ ഗുരുതര ആരോപണവുമായി വീട്ടമ്മയുടെ മകന്‍ രാഹുല്‍. ജോസ് ഫ്രാങ്ക്ളിന് പിന്തുടര്‍ന്ന് നടത്തിയ കൊലപാതകമെന്ന് രാഹുല്‍. ജനപ്രതിനിധി എന്ന നിലയില്‍ പല ആവശ്യങ്ങള്‍ക്ക് ഇയാളുമായി ബന്ധപ്പെട്ടിരുന്നു. ജോസ് ഫ്രാങ്ക്ളിന്‍ ഉപദ്രവിക്കുന്നുവെന്ന് അമ്മ പരോക്ഷമായി പറഞ്ഞിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു.
ആത്മഹത്യ കുറിപ്പില്‍ വെറുതെ ഒരാളുടെ പേര് എഴുതേണ്ട ആവശ്യമില്ല. തന്നെ ജീവിക്കാന്‍ സമ്മതിക്കുന്നില്ലെന്നും പല രീതിയിലുള്ള ശല്യമുണ്ടെന്നും അമ്മ കുറിപ്പില്‍ എഴുതിയിട്ടുണ്ട് രാഹുല്‍ പറഞ്ഞു.
ജോസ് ഫ്‌ലാങ്ക്‌ളിന്‍ അമ്മയെ ഭീഷണിപ്പെടുത്തുമായിരുന്നുവെന്നും രാത്രി സമയങ്ങളിലും അമ്മയെ ഫോണില്‍ വിളിച്ചു ശല്യപ്പെടുത്തുമായിരുന്നെന്നും രാഹുല്‍ പറഞ്ഞിരുന്നു.
അമ്മയെ ലൈംഗികമായ കാര്യങ്ങള്‍ക്ക് നിര്‍ബന്ധിച്ചു. വല്ലാത്ത ഉപദ്രവം ജോസ് ഫ്രാങ്ക്‌ളിന്റെ ഭാഗത്തു നിന്നുമുണ്ടായി. രാത്രി പതിനൊന്നു മണിക്ക് ശേഷമൊക്കെ അമ്മയെ ഫോണില്‍ വിളിച്ചു ഉപദ്രവിക്കുമായിരുന്നു. വീടിനു മുന്നില്‍ ബൈക്കിലെത്തി അമ്മയെ ഭീഷണിപ്പെടുത്തുമായിരുന്നു. പിന്നീട് അമ്മ വായ്പ അപേക്ഷയുമായി പോകാതെയായി. തനിക്കും സഹോദരിക്കും രണ്ടു കത്തുകള്‍ അമ്മ എഴുതി വെച്ചിരുന്നു. അമ്മയെ നഷ്ടപ്പെട്ട തനിക്ക് നീതി വേണം രാഹുല്‍ പറഞ്ഞു.
ഇന്നലെയാണ് നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗ്യാസില്‍ നിന്ന് തീ പടര്‍ന്നാണ് മുട്ടക്കാട് സ്വദേശിനി സലീല കുമാരി മിരിച്ചത് എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ പിന്നീട് ആത്മഹത്യ കുറിപ്പടക്കം കണ്ടെത്തുകയായിരുന്നു. വീടിന് സമീപം ബേക്കറി നടത്തിവരുകയായിരുന്നു സലീല.