ഹൃദയാഘാതം; പ്രശസ്ത നടനും പ്രഫഷണല്‍ ബോഡി ബില്‍ഡറുമായ വരീന്ദര്‍ സിങ് ഗുമന്‍ അന്തരിച്ചു
പ്രശസ്ത നടനും പ്രഫഷണല്‍ ബോഡി ബില്‍ഡറുമായ വരീന്ദര്‍ സിങ് ഗുമന്‍(41) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. തോള്‍വേദനയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു വരീന്ദര്‍ സിങ്. എന്നാല്‍, അഞ്ചുമണിയോടെ ആശുപത്രിയില്‍ വച്ച് ഹൃദയാഘാതമുണ്ടാവുകയായിരുന്നു എന്ന് വരീന്ദര്‍ സിങിനോട് അടുപ്പമുള്ളവര്‍ പറഞ്ഞു.
സല്‍മാന്‍ ഖാന്റെ 2023-ല്‍ ഇറങ്ങിയ ടൈഗര്‍-3 ചിത്രത്തില്‍ പ്രധാന വേഷമിട്ട വരീന്ദര്‍ സിങ് ഗുമന്‍ 2014-ലെ റോര്‍: ടൈഗേഴ്സ് ഓഫ് സുന്ദര്‍ബന്‍സിലും 2012-ല്‍ പുറത്തിറങ്ങിയ കബഡി വണ്‍സ് എഗെയ്ന്‍ സിനിമയിലും അഭിനയിച്ചിട്ടുണ്ട്. വരീന്ദര്‍ സിങ് ഗുമന്‍ പഞ്ചാബിന്റെ അഭിമാനമാണെന്നും വരീന്ദറിന്റെ മരണം രാജ്യത്തിന് തീരാ നഷ്ടമാണെന്നും വരീന്ദര്‍ സിങ് ഗുമന്റെ വിയോഗത്തില്‍ അനുശോചിച്ച് കേന്ദ്രമന്ത്രി രവനീത് സിങ് ബിട്ടു എക്സില്‍ കുറിച്ചു. വരീന്ദര്‍ സിങ് തന്റെ കഠിനാധ്വാനത്തിലൂടെ ഫിറ്റ്നെസ് ലോകത്ത് പുതിയ അളവുകോല്‍ സൃഷ്ടിച്ചെന്നും അദ്ദേഹത്തിന്റെ ജീവിതം യുവജനങ്ങള്‍ക്ക് എന്നും പ്രചോദനമായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.