ഉദ്ഘാടനങ്ങള്‍ക്ക് 'ഇപ്പോള്‍ തുണിയുടുക്കാത്ത താരങ്ങള്‍ മതി, മോഹന്‍ലാല്‍ നടത്തുന്ന ഒരു ഒളിഞ്ഞുനോട്ട പരിപാടിയുണ്ട്'സദാചാര പ്രസംഗവുമായി എംഎല്‍എ യു പ്രതിഭ
മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ടിവി ഷോയ്‌ക്കെതിരെ വിമര്‍ശനവുമായി യു. പ്രതിഭ എംഎല്‍എ. പരിപാടിയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു എംഎല്‍എയുടെ വിമര്‍ശനം. പരിപാടി ഒളിഞ്ഞ് നോട്ടമാണെന്നും എംഎല്‍എ പറഞ്ഞു. കേരളത്തില്‍ ഇപ്പോള്‍ വൈകുന്നേരം നടത്തുന്ന ഒരു ഒളിഞ്ഞുനോട്ട പരിപാടിയുണ്ട്. മറ്റുള്ളവര്‍ ഉറങ്ങുന്നത് ഒളിഞ്ഞുനോക്കുകയും അവരുടെ വസ്ത്രം ഇറുങ്ങിയതാണോ എന്നു കമന്റ് ചെയ്യുകയും ചെയ്യുന്നതാണ് പരിപാടി. അനശ്വര നടനാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്. ജനാധിപത്യത്തില്‍ വരേണ്ടത് താര രാജാക്കന്മാര്‍ അല്ലെന്നും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പച്ച മനുഷ്യരാണെന്ന് ധൈര്യത്തോടെ പറയാന്‍ നമ്മള്‍ തയാറാവണമെന്നും പ്രതിഭ പറഞ്ഞു.
വ്യാപാര സ്ഥാപനങ്ങളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടും എംഎല്‍എ വിമര്‍ശനമുന്നയിച്ചു. കട ഉദ്ഘാടനങ്ങള്‍ക്ക് ഉടുപ്പിടാത്ത സിനിമ താരങ്ങളെയാണ് കൊണ്ടുവരുന്നതെന്നും നമ്മുടെ സമൂഹത്തിന് സിനിമക്കാരോട് ഒരു തരം ഭ്രാന്താണെന്നും യു പ്രതിഭ എംഎല്‍എ പറഞ്ഞു. കായംകുളം എരുവ നളന്ദ കലാസാംസ്‌കാരിക വേദി ഗ്രന്ഥശാലയുടെ 34 വാര്‍ഷിക ആഘോഷത്തിന്റെ സമാപനവേദിയില്‍ സംസാരിക്കുകയായിരുന്നു യു.പ്രതിഭ എംഎല്‍എ. ബുധനാഴ്ച നടന്ന പരിപാടിയിലാണ് യു പ്രതിഭയുടെ സിനിമക്കാരെ വിമര്‍ശിച്ചുകൊണ്ടുള്ള പ്രസംഗം. നമ്മുടെ സിനിമക്കാരോട് സമൂഹത്തിന് ഒരു തരം ഭ്രാന്താണെന്നും എന്തിനാണ് ഇതെന്ന് മനസിലാകുന്നില്ലെന്നും കട ഉദ്ഘാടനത്തിന് ഉടുപ്പിടാത്ത സിനിമാ താരങ്ങളെയാണ് കൊണ്ടുവരുന്നതെന്നും യു പ്രതിഭ പറഞ്ഞു.