15 ലക്ഷത്തിന്റെ ബൈക്ക് വാങ്ങി പിന്നാലെ ആഡംബര കാര്‍ വേണമെന്ന വാശി ; വഴക്കിന് പിന്നാലെ അച്ഛന്റെ അടിയേറ്റ 28 കാരന്‍ ഗുരുതരാവസ്ഥയില്‍
തിരുവനന്തപുരത്ത് ആഡംബര കാറിന് വേണ്ടി മകന്‍ അച്ഛനെ ആക്രമിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഹൃത്വിക്ക് എന്ന 28കാരനാണ് ലക്ഷങ്ങള്‍ വരുന്ന കാറിനായി അച്ഛനെ ആക്രമിച്ചത്. പ്രകോപിതനായ അച്ഛന്‍ മകനെ കമ്പിപ്പാരകൊണ്ട് തിരിച്ചടിക്കുകായിരുന്നു. 28കാരനായ മകന്‍ ആഡംബര കാര്‍ വേണമെന്നെന്ന് പറഞ്ഞ് വീട്ടില്‍ സ്ഥിരമായി പ്രശ്‌നമുണ്ടാക്കിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ലക്ഷങ്ങള്‍ വിലവരുന്ന ബൈക്ക് വിനയാനന്ദ് മകന് വാങ്ങി കൊടുത്തിരുന്നു. എന്നാല്‍, ആഡംബര കാര്‍ വേണമെന്ന് പറഞ്ഞ് വീട്ടില്‍ തര്‍ക്കം പതിവായിരുന്നു.
കഴിഞ്ഞ ദിവസം ഇത്തരത്തില്‍ ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കത്തിനിടെ മകന്‍ അച്ഛനെ ആക്രമിച്ചു. തുടര്‍ന്ന് പ്രകോപിതനായ അച്ഛന്‍ കമ്പിപ്പാര ഉപയോഗിച്ച് മകനെ തിരിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ അച്ഛന്‍ വിനയാനന്ദനെതിരെ വഞ്ചിയൂര്‍ പൊലിസ് കേസെടുത്തു. കുറച്ച് ദിവസം മുന്‍പ് 15 ലക്ഷം വിലയുള്ള ഒരു ആഡംബര ബൈക്ക് അച്ഛന്‍ വിനയാന്ദന്‍ മകന്‍ ഹൃത്വിക്കിന് വാങ്ങി നല്‍കിയിരുന്നു. എന്നാല്‍ തനിക്ക് ഒരു ആഡംബര കാര്‍ വേണമെന്നതായിരുന്നു ഹൃത്വിക്കിന്റെ അടുത്ത ആവശ്യം. ഇപ്പോള്‍ അതിനുള്ള സാന്പത്തിക സ്ഥിതി ഇല്ലെന്ന് അച്ഛന്‍ പറഞ്ഞത് മകനെ ചൊടിപ്പിച്ചു. അത് വലിയ വഴക്കിലേക്കും കയ്യാങ്കളിയിലേക്കും നയിക്കുകയായിരുന്നു.
പണത്തിനുവേണ്ടിയും ആഡംബര ജീവിതത്തിനും വേണ്ടിയും വീട്ടില്‍ മകന്‍ നിരന്തരം പ്രശ്‌നമുണ്ടാക്കാറുണ്ടെന്നാണ് പൊലീസ് പറയുന്നത്. പരിക്കേറ്റ ഹൃത്വിക്കിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയിലാണ് ഹൃത്വിക്ക്. സംഭവത്തിന് പിന്നാലെ വിനയാനന്ദ് ഒളിവില്‍ പോയിരിക്കുകയാണ്. ഇയാള്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി.