യുപിയില്‍ ഇമാമിന്റെ ഭാര്യയേയും രണ്ടു മക്കളേയും വെട്ടി കൊലപ്പെടുത്തിയത് 15 ഉം 16ഉം പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ ; വ്യക്തി വൈരാഗ്യം മൂലം നടന്ന ക്രൂര കൊലപാതകം

യുപിയില്‍ ഇമാമിന്റെ ഭാര്യയേയും രണ്ടു മക്കളേയും വെട്ടി കൊലപ്പെടുത്തിയത് 15 ഉം 16ഉം പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ ; വ്യക്തി വൈരാഗ്യം മൂലം നടന്ന ക്രൂര കൊലപാതകം
ഉത്തര്‍പ്രദേശിലെ ബാഗ്പത്തില്‍ മുസ്ലീം പുരോഹിതനായ ഇബ്രാഹിം മൗലവിയുടെ ഭാര്യയെയും രണ്ട് മക്കളെയും വെട്ടിക്കൊന്ന സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേര്‍ അറസ്റ്റില്‍. പള്ളിയിലെ വിദ്യാര്‍ത്ഥികളായ കുട്ടികള്‍ക്ക് ഇബ്രാഹിം മൗലവിയോടുണ്ടായിരുന്ന വ്യക്തിപരമായ വൈരാഗ്യമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.

ഇന്നലെയാണ് ബാഗ്പത്തിലെ ഗംഗാനൗളി ഗ്രാമത്തിലെ പള്ളി ഇമാമായ ഇബ്രാഹിം മൗലവിയുടെ ഭാര്യ ഇസ്രാനയെയും, അഞ്ചും രണ്ടും വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെയും വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലപാതകം നടക്കുമ്പോള്‍ ഇബ്രാഹിം മൗലവി സ്ഥലത്തുണ്ടായിരുന്നില്ല. സംഭവത്തെക്കുറിച്ച് പലതരം അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് പോലീസ് രണ്ട് പ്രതികളെ പിടികൂടുന്നത്. പതിനഞ്ചും പതിനാറും വയസ്സുള്ള ഈ രണ്ട് വിദ്യാര്‍ത്ഥികള്‍ സ്ഥിരമായി പള്ളിയില്‍ മതപഠനത്തിന് എത്താറുണ്ടായിരുന്നു. അച്ചടക്കം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ശകാരവും കര്‍ശന നടപടികളും സ്വീകരിച്ച അധ്യാപകനായ ഇബ്രാഹിം മൗലവിയോട് ഇരുവരും പക മനസ്സില്‍ സൂക്ഷിച്ചു.

അധ്യാപകന്‍ പുറത്തുപോയെന്ന് മനസ്സിലാക്കിയ ഇരുവരും കുടുംബത്തെ ആക്രമിക്കാന്‍ പദ്ധതിയിടുകയും അത് കഴിഞ്ഞ രാത്രി നടപ്പാക്കുകയുമായിരുന്നു. മൂര്‍ച്ചയുള്ള ആയുധം സ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്തു. സി.സി.ടി.വി. കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കുട്ടികളിലേക്ക് പോലീസിനെ എത്തിച്ചത്. കൊലപാതക സമയത്ത് പള്ളിയിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ കുട്ടികളില്‍ ഒരാള്‍ ഓഫാക്കുന്നത് റെക്കോര്‍ഡ് ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. പോലീസ് കസ്റ്റഡിയിലുള്ള കുട്ടികളെ ഉടന്‍ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കും.

Other News in this category



4malayalees Recommends