'തലയില്‍ വലിയ ഓപ്പറേഷന്‍ ചെയ്തിട്ടും മുടി അല്‍പ്പം മാത്രമേ മുറിച്ചിരുന്നുള്ളു'; ഷാഫിക്കെതിരായ ട്രോളുകള്‍ക്കിടയില്‍ സജിത
ഷാഫി പറമ്പില്‍ എംപിയുടെ മൂക്ക് ശസ്ത്രക്രിയയുടെ ഭാഗമായി മീശയും താടിയും നീക്കം ചെയ്യാത്തതിലെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്കിടയില്‍ പ്രതികരണവുമായി നടി സജിതാ മഠത്തില്‍. തനിക്ക് തലയില്‍ വലിയ ഓപ്പറേഷന്‍ ചെയ്തിട്ടും മുടി അല്‍പ്പം മാത്രമേ മുറിച്ചിരുന്നുള്ളുവെന്ന് സജിതാ മഠത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു. പുറത്ത് നിന്ന് നോക്കിയാല്‍ തലയില്‍ ഇത്രയും വലിയ ഓപ്പറേഷന്‍ ചെയ്തതായി തോന്നുകയില്ലായിരുന്നുവെന്ന് സജിത കുറിച്ചു.
2019ല്‍ ബ്രെയിന്‍ ട്യൂമര്‍ ഓപ്പറേഷന്‍ കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം വീട്ടില്‍ എത്തിയപ്പോള്‍ എടുത്ത ഫോട്ടോ പങ്കുവെച്ചായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. ' എന്റെ മുടി ഓപ്പണ്‍ സര്‍ജറി ചെയ്ത ഭാഗത്ത് അല്‍പ്പം മാത്രമേ മുറിച്ചിരുന്നുള്ളു. പുറത്ത് നിന്നും നോക്കിയാല്‍ തലയില്‍ ഇത്രയും വലിയ ഓപ്പറേഷന്‍ ചെയ്തതായി തോന്നുകയില്ലായിരുന്നു. ഓപ്പറേഷന്‍ വിവാദങ്ങള്‍ കണ്ടപ്പോള്‍ വെറുതെ ഓര്‍ത്തു പോയെന്ന് മാത്രം', സജിതാ മഠത്തില്‍ കുറിച്ചു. പോസ്റ്റ് ചര്‍ച്ചയായതിനെ തുടര്‍ന്ന് പിന്നീട് പിന്‍വലിച്ചു.