നോവ സംഗീതോത്സവത്തില്‍ ഹമാസ് നടത്തിയ കൂട്ടക്കൊലയെ അതിജീവിച്ച ഇസ്രായേലി യുവാവ്, കാമുകിയും ഉറ്റ സുഹൃത്തും കൊല്ലപ്പെട്ടതിലുള്ള ആഘാതം താങ്ങാനാകാതെ ആത്മഹത്യ ചെയ്തു. 2023 ഒക്ടോബറിലാണ് നോവ സംഗീതോത്സവത്തില്‍ ഹമാസ് ആക്രമണം നടത്തിയത്. ദുരന്തത്തിന്റെ രണ്ടാം വാര്‍ഷികത്തിന് ദിവസങ്ങള്‍ക്ക് ശേഷം, 30കാരനായ റോയ് ഷാലേവിനെ കത്തിക്കരിഞ്ഞ നിലയില്‍ അദ്ദേഹത്തിന്റെ കാറിനുള്ളില്‍ കണ്ടെത്തുകയായിരുന്നു. മരണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ്, തനിക്ക് ഇനി മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് സൂചിപ്പിച്ചുകൊണ്ട് ഷാലേവ് ഓണ്‍ലൈനില്‍ ഒരു സന്ദേശം പങ്കുവെച്ചിരുന്നു.
ഹമാസ് ആക്രമണത്തിന്റെ രണ്ടാം വാര്‍ഷികത്തിന് മൂന്ന് ദിവസത്തിന് ശേഷം ഒക്ടോബര്‍ 10നാണ് ഷാലേവ് സാമൂഹിക മാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവെച്ചത്. . 'ദയവായി എന്നോട് ദേഷ്യപ്പെടരുത്. എന്നെ ആര്‍ക്കും ഒരിക്കലും മനസിലാകില്ല, അത് സാരമില്ല. കാരണം നിങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിയില്ല. എനിക്കിപ്പോള്‍ ഈ കഷ്ടപ്പാട് അവസാനിപ്പിച്ചാല്‍ മതി. ഞാന്‍ ജീവിച്ചിരിപ്പുണ്ട്, പക്ഷേ ഉള്ളില്‍ എല്ലാം മരിച്ച നിലയിലാണ്' അദ്ദേഹം കുറിച്ചു. മണിക്കൂറുകള്‍ക്ക് ശേഷം ടെല്‍ അവീവില്‍ കത്തിക്കൊണ്ടിരിക്കുന്ന കാറിനുള്ളില്‍ ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
2023 ഒക്ടോബര്‍ ഏഴിന് ഹമാസിന്റെ നേതൃത്വത്തില്‍ ഗാസയില്‍ നിന്ന് ഇസ്രായേലിലേക്ക് അതിക്രമിച്ചു കയറി നോവ ഓപ്പണ്‍ എയര്‍ സംഗീതോത്സവത്തിലും സമീപ പ്രദേശങ്ങളിലും നടത്തിയ ആക്രമണത്തില്‍ 344 സാധാരണക്കാര്‍ ഉള്‍പ്പെടെ 378 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ അപ്രതീക്ഷിത ആക്രമണമാണ് ഹമാസിനെതിരെ ഇസ്രായേല്‍ യുദ്ധം തുടങ്ങാന്‍ കാരണമായത്.