രാത്രി പെണ്‍കുട്ടികള്‍ പുറത്തിറങ്ങരുതെന്ന പരാമര്‍ശത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സിപിഎം. പശ്ചിമബംഗാളില്‍ താലിബാന്‍ ഭരണമാണോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം ചോദിച്ചു. സ്ത്രീയും പുരുഷനും തുല്യരാണെന്നത് മമത സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലേയെന്ന് ചോദിച്ച അദ്ദേഹം, സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് ജോലിക്ക് പോലും പുറത്തിറങ്ങാന്‍ പറ്റാതായെന്ന് കുറ്റപ്പെടുത്തി. പൊലീസുകാര്‍ ക്രിമിനലുകളെയാണ് സംരക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമബംഗാളില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കൂട്ട ബലാല്‍സംഗത്തിനിരയായ സംഭവത്തില്‍ അതിജീവിതയെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രതികരണം വന്‍ വിവാദമായിരുന്നു. ഒഡീഷ സ്വദേശിയായ രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയെയാണ് മെഡിക്കല്‍ കോളേജ് ക്യാംപസിന് സമീപം ക്രൂരപീഡനത്തിനിരയാക്കിയത്. സംഭവത്തില്‍ പ്രതിഷേധം ശക്തമാകുമ്പോഴാണ് അതിജീവിതയെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി പ്രതികരിച്ചത്. രാത്രി പന്ത്രണ്ടരയ്ക്ക് പെണ്‍കുട്ടിയെ സുഹൃത്തിനൊപ്പം പോകാന്‍ അനുവദിച്ചത് എന്തിനാണെന്ന് ചോദിച്ച മമത, എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ടെന്നും മമത പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസ്താവന അപമാനകരമാണെന്ന് ബിജെപി വിമര്‍ശിച്ചിരുന്നു.
സംഭവത്തിന് പിന്നാലെ ഇന്നലെ പശ്ചിമ ബംഗാളിലേക്ക് ഒഡീഷ സര്‍ക്കാര്‍ അയച്ച ഉദ്യോഗസ്ഥര്‍ക്ക് അതിജീവിതയെ കാണാന്‍ അനുമതി നല്‍കിയിരുന്നില്ല. ഇന്ന് ഒഡീഷ വനിതാ കമ്മീഷനും ബംഗാളിലേക്ക് പോകുന്നുണ്ട്. കേസില്‍ ഒരാള്‍ കൂടി പിടിയിലായിട്ടുണ്ട്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി. നേരത്തെ പിടിയിലായ 3 പേരെ പത്ത് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. അപു ബൗരി, ഷെയ്ഖ് ഫിര്‍ദോസ്, ഷെയ്ഖ് റിയാസുദ്ദീന്‍ എന്നിവരാണ് നേരത്തെ പിടിയിലായത്. പിടിയിലായവരില്‍ ഒരാള്‍ പെണ്‍കുട്ടിയുടെ സഹപാഠിയാണെന്നാണ് സൂചന. ദുര്‍ഗാപൂരിലെ ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്.