സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി തന്നെ പരിഗണിക്കാത്തത് ക്രിസ്ത്യാനി ആയതുകൊണ്ടാണോ എന്ന് അറിയില്ലെന്ന് അബിന്‍ വര്‍ക്കി. തന്നെ അങ്ങനെ കാണുന്നുണ്ടോ എന്നും അറിയില്ല. അക്കാര്യം പറയേണ്ടത് നേതൃത്വമാണെന്നും അബിന്‍ വര്‍ക്കി മാധ്യമങ്ങളോട് പറഞ്ഞു.
ഏത് പോസ്റ്റ് കിട്ടിയാലും ഇല്ലെങ്കിലും സമരമുഖത്ത് ഉണ്ടാകും. അമിതമായി ആഹ്ലാദിക്കുകയോ വിഷമിക്കുകയോ ചെയ്യില്ല. സംസ്ഥാന നേതൃത്വവുമായി സഹകരിച്ച് മുന്നോട്ട് പോകും. യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വമാണ് തീരുമാനം എടുത്തത്. രാഹുല്‍ ഗാന്ധിയോട് കടപ്പാടുണ്ട്. തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ ഒരു ലക്ഷത്തി എഴുപതിനായിരം വോട്ടുകള്‍ നേടാന്‍ ആയി. പാര്‍ട്ടി സമരം ചെയ്യാന്‍ പറഞ്ഞപ്പോള്‍ അത് ചെയ്തു. ജയിലില്‍ പോകാന്‍ പറഞ്ഞപ്പോള്‍ പോയി.
തനിക്ക് മേല്‍വിലാസം ഉണ്ടാക്കി തന്നത് പാര്‍ട്ടിയാണ്. അതിന് കളങ്കം ഉണ്ടാകുന്നത് ഒന്നും ചെയ്യില്ല. വരുന്ന തിരഞ്ഞെടുപ്പുകള്‍ കോണ്‍ഗ്രസിന് പ്രധാനപ്പെട്ടതാണ്. കേരളത്തില്‍ പ്രവര്‍ത്തനം തുടരാന്‍ ആണ് ആഗ്രഹിച്ചിരുന്നത്. നേതാക്കളോട് കേരളത്തില്‍ തുടരാന്‍ അവസരം തരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അടിയുറച്ച പാര്‍ട്ടിയ്ക്ക് വിധേയനായ പ്രവര്‍ത്തകനെന്ന നിലയിലാണ് അഭ്യര്‍ത്ഥന. കേരളത്തില്‍ ഈ സുപ്രധാന സമയത്ത് തുടരാന്‍ അവസരം തരണം.
പാര്‍ട്ടി എടുത്ത തീരുമാനം തെറ്റായി എന്ന് പറയുന്നില്ല. ദേശീയ സെക്രട്ടറിയായി നിയമിക്കപ്പെട്ടില്‍ തന്റെ നിലപാട് പാര്‍ട്ടി നേതൃത്വത്തെ അറിയിക്കും. പിണറായി വിജയനെതിരെ പോരാടാന്‍ ആണ് താല്പര്യം. പാര്‍ട്ടി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കും. പാര്‍ട്ടി പ്രതീക്ഷിക്കുന്ന പോരാളി ആയി കേരളത്തില്‍ തുടരാന്‍ ആഗ്രഹിക്കുന്നു. നേതാക്കന്മാര്‍ എടുത്ത തീരുമാനം വന്നപ്പോള്‍ തന്നെ കേരളത്തില്‍ തുടരാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു