എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ ജൂനിയര്‍ വിദ്യാര്‍ഥി ക്യാംപസിനകത്തെ ശുചിമുറിയില്‍വച്ച് ബലാത്സംഗം ചെയ്തു.
തെക്കന്‍ ബെംഗളൂരുവിലെ ബസവനഗുഡി ബിഎംഎസ് എന്‍ജിനീയറിങ് കോളജിലാണ് സംഭവം. പ്രതിയായ 21 കാരന്‍ ജീവന്‍ ഗൗഡയെ ഹനുമന്തനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
ഒക്ടോബര്‍ 10 നാണ് ക്യാമ്പസിനകത്തെ പുരുഷന്മാരുടെ ശുചിമുറിയില്‍ വച്ച് അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ഥിയായ ജീവന്‍ ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ഥിനിയെ ശുചിമുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ഉപദ്രവിച്ചത്. ഒക്ടോബര്‍ 15നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
പെണ്‍കുട്ടിക്കുണ്ടായ മാനസിക സമ്മര്‍ദ്ദം കൊണ്ടാണ് പരാതി നല്‍കാന്‍ വൈകിയതെന്ന് പൊലീ സ് പറഞ്ഞു. ദിവസങ്ങള്‍ക്ക് ശേഷമാണ് മാതാപിതാക്കളോട് കുട്ടി വിവരം തുറന്നുപറയുന്നത്, തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി.
പെണ്‍കുട്ടിയും ജൂനിയര്‍ വിദ്യാര്‍ത്ഥിയായ ജീവനും പരിചയക്കാരായിരുന്നു. സംഭവം നടന്ന ഒക്ടോബര്‍ 10ന് രാവിലെ 9 മണിയോടെ കോളജില്‍ എത്തിയ പെണ്‍കുട്ടി ജീവനുമായി ഫോണില്‍ സംസാരിച്ചിരുന്നു. ആര്‍ക്കിടെക്ചര്‍ ബ്ലോക്കിലേക്ക് വരാന്‍ ജീവന്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടി ഏഴാം നിലയിലെ ബ്ലോക്കിലെത്തിയ സമയത്ത് പ്രതി ബലമായി ചുംബിക്കുകയും ഉപദ്രവിക്കാനാരംഭിക്കുകയും ചെയ്തു. അവിടെ നിന്ന് രക്ഷപ്പെട്ട് ആറാമത്തെ നിലയിലെത്തിയ പെണ്‍കുട്ടിയെ പുരുഷന്മാരുടെ ശുചിമുറിയിലേക്ക് വലിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. ഫോണ്‍ തട്ടിപ്പറച്ച ശേഷമായിരുന്നു അക്രമം. സംഭവ ശേഷം പെണ്‍കുട്ടി കാര്യങ്ങള്‍ സുഹൃത്തുക്കളെ വിളിച്ച് പറഞ്ഞു.ഇതിനിടെ പ്രതി പെണ്‍കുട്ടിയെ വിളിച്ച് പില്‍ ആവശ്യമുണ്ടോ എന്നു ചേദിച്ചെന്നും ഉടനടി പെണ്‍കുട്ടി ഫോണ്‍ കട്ട് ചെയ്തതായും എഫ്‌ഐആറില്‍ പറയുന്നു. ബലാത്സംഗം ചെയ്ത ഭാഗത്ത് സിസിടിവി ഇല്ലാത്തതിനാല്‍ മറ്റ് തെളിവുകള്‍ ശേഖരിക്കുകയാണ്