ഖത്തറിന്റെ മധ്യസ്ഥതയില്‍ പാകിസ്താന്‍- അഫ്ഗാന്‍ സംഘര്‍ഷത്തില്‍ വെടിനിര്‍ത്തലിന് ധാരണ. 48 ദിവസത്തെ വെടിനിര്‍ത്തല്‍ നിലനില്‍ക്കെ ഇരുരാജ്യങ്ങളും പരസ്പരം ആക്രമണം തുടര്‍ന്നിരുന്നു. ഇതിനിടെയാണ് ഖത്തര്‍ ഇടപെട്ട് വീണ്ടും വെടിനിര്‍ത്തല്‍ ധാരണയിലെത്തിയത്.
സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ഇരുരാജ്യങ്ങളും തുടരുമെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സ്ഥിരമായ സമാധാനവും സ്ഥിരതയും വിശ്വാസ്യതയും ഉറപ്പാക്കുന്നതിനുള്ള നീക്കങ്ങളുണ്ടാകുമെന്നും വരും ദിവസങ്ങളില്‍ പാകിസ്താനും അഫ്ഗാനും ചര്‍ച്ചകള്‍ തുടരുമെന്നും ഖത്തര്‍ വ്യക്തമാക്കി.
പാക് ആഭ്യന്തരമന്ത്രി ഖ്വാജ ആസിഫ്, ഇന്റലിജന്‍സ് മേധാവി ജനറല്‍ അസിം മാലിക്, താലിബാന്‍ പ്രതിരോധ മന്ത്രി മുല്ലാഹ് മുഹമ്മദ് യാക്കൂബ് എന്നിവരാണ് ചര്‍ച്ചയ്ക്കായി എത്തിയത്. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സംഘര്‍ഷത്തിന് പിന്നാലെ 48 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പാകിസ്താന്‍ ഇത് ലംഘിച്ചുവെന്നും ആക്രമണം നടത്തിയെന്നും അഫ്ഗാനിസ്ഥാന്‍ ആരോപിച്ചിരുന്നു.
ശനിയാഴ്ച അഫ്ഗാനില്‍ പാകിസ്താന്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് ക്രിക്കറ്റ് താരങ്ങള്‍ ഉള്‍പ്പടെ 10 പേര്‍ കൊല്ലപ്പെട്ടിരുന്നു.