ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സിക്കുവേണ്ടി ചാരവൃത്തി നടത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ടയാളെ തൂക്കിലേറ്റിയെന്ന് ഇറാന്‍. ജൂണ്‍ മാസത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നടന്ന 12 ദിവസത്തെ ഏറ്റുമുട്ടലിനെ തുടര്‍ന്ന് നടപ്പാക്കിയ വധശിക്ഷകളില്‍ ഏറ്റവും ഒടുവിലത്തേതാണിത്. എന്നാല്‍ തൂക്കിലേറ്റിയത് ആരെയെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടില്ല. 2023 ഒക്ടോബറില്‍ ഇസ്രായേലി ഇന്റലിജന്‍സുമായി ബന്ധപ്പെടാന്‍ തുടങ്ങിയ ഇയാളെ 2024 ഫെബ്രുവരിയിലാണ് അറസ്റ്റ് ചെയ്തതെന്നാണ് ഔദ്യോഗിക വിശദീകരണം.
ഈ മാസം ആദ്യം, ഭീകരവാദം ആരോപിച്ച് ഖുസെസ്ഥാന്‍ പ്രവിശ്യയില്‍ ആറ് പേരെ ഇറാന്‍ വധശിക്ഷയ്ക്ക് വിധേയരാക്കിയിരുന്നു. ഇതിനും ഒരാഴ്ച മുന്‍പ് ഇസ്രയേലിന്റെ പ്രധാന ചാരന്മാരില്‍ ഒരാളെന്ന് ആരോപിച്ച് ഒരാളെ തൂക്കിലേറ്റിയിരുന്നു. മൊസാദുമായി സഹകരിച്ചതായും രഹസ്യ വിവരങ്ങള്‍ ഓണ്‍ലൈനായി കൈമാറിയെന്ന് സമ്മതിച്ചതിന്റെയും അടിസ്ഥാനത്തിലാണ് ഏറ്റവും ഒടുവിലത്തെ വധശിക്ഷയെന്നാണ് ഇറാന്റെ ഭാഗത്ത് നിന്നുള്ള ഔദ്യോഗിക വിശദീകരണം. ടെഹ്റാന്റെ തെക്ക് ഭാഗത്തുള്ള വിശുദ്ധ നഗരമായ കോമില്‍ കഴിഞ്ഞ ദിവസം രാവിലെയാണ് വധശിക്ഷ നടപ്പാക്കിയത്.
ചൈന കഴിഞ്ഞാല്‍ കുറ്റവാളികളെ തൂക്കിലേറ്റുന്നതില്‍ ലോകത്ത് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യമാണ് ഇറാന്‍. ഈ വര്‍ഷം മാത്രം ചാരവൃത്തി ആരോപണത്തിന്റെ പേരില്‍ നിരവധി പേരുടെ വധശിക്ഷ ഇറാനില്‍ നടപ്പാക്കിയിരുന്നു.