ശ്രദ്ധേയ തിരക്കഥാകൃത്ത് മുരളി ഗോപി തിരക്കഥ ഒരുക്കുന്ന 'അനന്തന്‍ കാട്' എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ദീപാവലി ദിന സ്‌പെഷല്‍ പോസ്റ്റര്‍ പുറത്ത്. ആളിപ്പടരുന്ന തീപ്പൊരികള്‍ക്ക് നടുവില്‍ മുഖമാകെ രക്തവും കത്തുന്ന കണ്ണുകളുമായി നില്‍ക്കുന്ന ആര്യയാണ് പോസ്റ്ററിലുള്ളത്. അതോടൊപ്പം തിരുവനന്തപുരം സെക്രട്ടേറിയറ്റും സെക്രട്ടേറിയറ്റിനു മുന്നില്‍ സ്ഥാപിച്ചിട്ടുള്ള ധീരദേശാഭിമാനി വേലുത്തമ്പി ദളവയുടെ പൂര്‍ണ്ണകായ പ്രതിമയുമൊക്കെ പോസ്റ്ററില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 'ടിയാന്‍' സംവിധാനം ചെയ്ത ജിയെന്‍ കൃഷ്ണകുമാര്‍ ഒരുക്കുന്ന ചിത്രം കേരള രാഷ്ട്രീയവുമായി ബന്ധമുള്ളതാണെന്നും സൂചനയുണ്ട്. വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ ഒരുമിക്കുന്നത്.
ആര്യ നായകനായെത്തുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, മുരളി ഗോപി, 'പുഷ്പ' സിനിമയിലെ സുനില്‍, അപ്പാനി ശരത്, നിഖില വിമല്‍, ദേവ് മോഹന്‍, സാഗര്‍ സൂര്യ, റെജീന കാസാന്‍ഡ്ര, ശാന്തി ബാലചന്ദ്രന്‍, അജയ്, കന്നഡ താരം അച്യുത് കുമാര്‍ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.