താമരശ്ശേരി സംഘര്‍ഷത്തിന് പിന്നില്‍ എസ്ഡിപിഐ ; ഡിവൈഎഫ്ഐ നേതാവ് ശ്രമിച്ചത് സംഘര്‍ഷം ഒഴിവാക്കാന്‍'; സിപിഐഎം ജില്ലാ സെക്രട്ടറി

താമരശ്ശേരി സംഘര്‍ഷത്തിന് പിന്നില്‍ എസ്ഡിപിഐ ;  ഡിവൈഎഫ്ഐ നേതാവ് ശ്രമിച്ചത് സംഘര്‍ഷം ഒഴിവാക്കാന്‍'; സിപിഐഎം ജില്ലാ സെക്രട്ടറി
താമരശ്ശേരിയിലെ ഫ്രഷ്‌കട്ട് സമരത്തിന് നേതൃത്വം നല്‍കിയത് എസ്ഡിപിഐയെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എം മെഹബൂബ്. സമരത്തിലേക്കുള്ള എസ്ഡിപിഐ നുഴഞ്ഞുകയറ്റം അന്വേഷിക്കണമെന്നും കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഡിവൈഎഫ്ഐ നേതാവ് സംഘര്‍ഷം ഒഴിവാക്കാനാണ് ശ്രമിച്ചതെന്നും എം മെഹബൂബ് പറഞ്ഞു.

സംഭവം വളരെ വ്യക്തമായ ഗൂഢാലോചനയുടെ ഭാഗമാണ്. സമരത്തെ എസ്ഡിപിഐയും പ്രദേശത്തെ നാലോളം പ്രാദേശിക ലീഗ് നേതാക്കളുമാണ് നയിച്ചത്. സമരത്തിന് വേറെ രാഷ്ട്രീയമുഖമൊന്നും നല്‍കിയിട്ടില്ല. സിപിഐഎം അനുഭാവികളായ കുടുംബങ്ങളും ഇതിന്റെ പ്രയാസം അനുഭവിക്കുന്നുണ്ട്. ഈ പ്രശ്നം പരിഹരിക്കണമെന്നതാണ് പാര്‍ട്ടിയുടെ സമീപനം. ക്രിമിനല്‍ സ്വഭാവമുള്ള ചിലരാണ് ഈ പ്രവര്‍ത്തി നടത്തിയത്. സമഗ്ര അന്വേഷണം നടത്തി യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും മെഹബൂബ് പറഞ്ഞു

കട്ടിപ്പാറയിലുണ്ടായ ആക്രമണം യാദൃശ്ചികമല്ലെന്നും ചില ഛിദ്രശക്തികള്‍ സ്ത്രീകളെയും കുട്ടികളെയും മറയാക്കി ജനകീയ സമരത്തില്‍ നുഴഞ്ഞുകയറിയെന്നും തദ്ദേശവകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞിരുന്നു. അറവ് മാലിന്യ സംസ്‌കരണ പ്ലാന്റിന് മുന്നില്‍ നടന്നത് ആസൂത്രിത ആക്രമണമെന്ന് കണ്ണൂര്‍ റേഞ്ച് ഡിഐജി യതീഷ് ചന്ദ്രയും പറഞ്ഞിരുന്നു. സ്ത്രീകളെയും കുട്ടികളെയും മനുഷ്യ കവചമാക്കി അക്രമം നടത്തി. അക്രമത്തിന് പിന്നില്‍ ചില തല്‍പരകക്ഷികളാണെന്നായിരുന്നു യതീഷ് ചന്ദ്ര പറഞ്ഞത്.

എന്നാല്‍ സിപിഐഎം പ്രാദേശിക നേതൃത്വം ഇത്തരം ആരോപണങ്ങളെ തള്ളിയിരുന്നു. സംഘര്‍ഷത്തില്‍ ഡിവൈഎഫ്‌ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടി മെഹറൂഫാണ് ഒന്നാം പ്രതി.സംഘര്‍ഷത്തില്‍ 500 ഓളം പേര്‍ക്കെതിരെയാണ് കേസെടുത്തത്. വധശ്രമം, കലാപം സൃഷ്ടിക്കല്‍, വഴി തടയല്‍, അന്യായമായി സംഘം ചേരല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസുകളെടുത്തിട്ടുള്ളത്. ആകെ എട്ട് എഫ്ഐആറുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്.




Other News in this category



4malayalees Recommends