ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിനും സര്‍ക്കാരിനും തിരിച്ചടി; ഉടമസ്ഥാവകാശം നല്‍കിയ നടപടി റദ്ദാക്കി

ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിനും സര്‍ക്കാരിനും തിരിച്ചടി; ഉടമസ്ഥാവകാശം നല്‍കിയ നടപടി റദ്ദാക്കി
ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാലിനും സര്‍ക്കാരിനും തിരിച്ചടി. മോഹന്‍ലാല്‍ ആനക്കൊമ്പ് കൈവശം വെച്ച നടപടി നിയമവിധേയമാക്കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. എറണാകുളം ഉദ്യോഗമണ്ഡല്‍ സ്വദേശി എ എ പൗലോസ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. വനം വകുപ്പിന്റെ നടപടി നിയമപരമായി നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയ കോടതി, പുതിയ വിജ്ഞാപനം ഇറക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

ജസ്റ്റിസുമാരായ ഡോ. എകെ ജയശങ്കരന്‍ നമ്പ്യാര്‍, ജോബിന്‍ സെബാസ്റ്റിയന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മോഹന്‍ലാലിന്റെ കൈവശം ആനക്കൊമ്പ് എത്തിയത് നിയമ വിരുദ്ധ മാര്‍ഗ്ഗങ്ങളിലൂടെ അല്ലെന്നാണ് വനംവകുപ്പ് ഹൈക്കോടതിയെ അറിയിച്ചത്. യഥാര്‍ത്ഥ ഉറവിടം ശരിയെന്ന് കണ്ടെത്തിയതിനാലാണ് 4 ആനക്കൊമ്പുകള്‍ കൈവശം വയ്ക്കുന്നത് നിയമ വിധേയമാക്കിയത് എന്നുമാണ് വനം വകുപ്പ് ഹൈക്കോടതിയെ അറിയിച്ചത്. എന്നാല്‍ ആനക്കൊമ്പ് നിയമവിധേയമാക്കിയ സര്‍ക്കാര്‍ നടപടികളില്‍ വീഴ്ചയുണ്ടായെന്ന് കോടതി നിരീക്ഷിച്ചു. 2015ലെ സര്‍ക്കാര്‍ വിജ്ഞാപനം ഗസറ്റില്‍ പ്രസിദ്ധീകരിച്ചില്ല എന്നതാണ് പിഴവെന്നും കോടതി വ്യക്തമാക്കി.

2011 ആഗസ്റ്റിലാണ് എറണാകുളം തേവരയിലെ മോഹന്‍ലാലിന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ആദായ നികുതി വകുപ്പ് സംഘം വീട്ടില്‍നിന്ന് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. പിന്നാലെ ആനക്കൊമ്പുകള്‍ ഡിക്ലെയര്‍ ചെയ്യാന്‍ അവസരം നല്‍കുകയും തുടര്‍ന്ന് 2016 ജനുവരി 16ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ മോഹന്‍ലാലിന് ഉടമസ്ഥതാ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തിരുന്നു.

Other News in this category



4malayalees Recommends