'റീഗന്‍ പരസ്യം' എഫക്ട്; കാനഡയ്ക്ക് 10 ശതമാനം അധിക തീരുവ ചുമത്തി ഡോണള്‍ഡ് ട്രംപ്

'റീഗന്‍ പരസ്യം' എഫക്ട്; കാനഡയ്ക്ക് 10 ശതമാനം അധിക തീരുവ ചുമത്തി ഡോണള്‍ഡ് ട്രംപ്
കാനഡയ്ക്ക് 10 ശതമാനം അധിക തീരുവ ചുമത്തിയതായി അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കനേഡിയന്‍ പ്രവിശ്യയായ ഒണ്ടേറിയോയിലെ ഭരണകൂടം പ്രകോപനപരമായ പരസ്യം പുറത്തിറക്കുകയും ട്രംപ് കാനഡയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ നിര്‍ത്തിവെക്കുകയും ചെയ്തതിന് പിന്നാലെയാണ് പുതിയ നീക്കം. യുഎസ് മുന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്‍ തീരുവയെ എതിര്‍ത്തും സ്വതന്ത്രവ്യാപാരത്തെ അനുകൂലിച്ചും സംസാരിക്കുന്നതാണ് പരസ്യത്തിലുണ്ടായിരുന്നത്. പരസ്യം പുറത്തിറങ്ങിയതിന് പിന്നാലെ കാനഡയുടെ നടപടി അങ്ങേയറ്റം മോശമാണെന്നും പരസ്യത്തിലൂടെ വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് പ്രചരിക്കുന്നതെന്നും ആരോപിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു.

കാനഡയുമായുള്ള എല്ലാ വ്യാപാര ചര്‍ച്ചകളും അവസാനിപ്പിക്കുമെന്നായിരുന്നു ട്രംപിന്റെ ആദ്യ പ്രതികരണം, ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കാനഡയ്ക്കെതിരെ 10 ശതമാനം തീരുവ ഉയര്‍ത്തുന്നതായി അറിയിച്ചത്. എന്നാല്‍ വ്യാപാര ചര്‍ച്ചകള്‍ അവസാനിപ്പിക്കാന്‍ ട്രംപ് തീരുമാനിച്ചതോടെ കനേഡിയന്‍ സര്‍ക്കാര്‍ പരസ്യം പിന്‍വലിച്ചിരുന്നു. യുഎസ്- കാനഡ ബന്ധത്തെ പരസ്യം പ്രതികൂലമായി ബാധിച്ചുവെന്ന് വ്യാപക വിമര്‍ശനവും ഉയരുകയാണ്.

കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം പരസ്യം പിന്‍വലിക്കുന്നു എന്ന് വ്യക്തമാക്കി ഒന്റാറിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡ് രംഗത്തെത്തിയിരുന്നു. പക്ഷെ പരസ്യം ഉടന്‍ തന്നെ പിന്‍വലിക്കേണ്ടതായിരുന്നെന്നും വസ്തുതാവിരുദ്ധമെന്ന് അറിഞ്ഞിട്ടും കഴിഞ്ഞ ദിവസം രാത്രി വേള്‍ഡ് സീരീസിനിടെ അത് പ്രദര്‍ശിപ്പിച്ചുവെന്നും ട്രംപ് ട്രൂത്ത് പോസ്റ്റില്‍ കുറിച്ചു. വസ്തുതകളെ വളച്ചൊടിക്കുന്ന സംഭവങ്ങള്‍ ചിത്രീകരിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്തതിനാല്‍ കാനഡയ്ക്ക് 10 ശതമാനം അധിക തീരുവ ചുമത്തുന്നു എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

അതേസമയം അമേരിക്കയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ കാനഡ തയ്യാറെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി പറഞ്ഞിരുന്നു. എന്നാല്‍ അമേരിക്കയുടെ വാണിജ്യ വകുപ്പോ വൈറ്റ്ഹൗസോ ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

Other News in this category



4malayalees Recommends