സ്‌പോണ്‍സര്‍ മരുഭൂമിയിലിട്ട് പീഡിപ്പിക്കുന്നുവെന്ന് ഇന്ത്യക്കാരന്‍ ; റീച്ചിന് വേണ്ടിയാണെന്ന് റിയാദ് പൊലീസ്
സൗദി അറേബ്യയില്‍ നിന്നുള്ള ഒരു ഇന്ത്യക്കാരന്റെ വീഡിയോ ഈയിടെ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. യുപിയിലെ പ്രയാഗ്രാജില്‍ നിന്നുള്ള ഇന്ദ്രജീത് എന്ന യുവാവിന്റെ വീഡിയോയാണ് വലിയ ചര്‍ച്ചയായത്. തൊഴില്‍ തട്ടിപ്പില്‍ അകപ്പെട്ട് സൗദി അറേബ്യയിലെ മരുഭൂമിയില്‍ കുടുങ്ങികിടക്കുകയാണെന്നും ഇന്ത്യയിലേക്ക് മടങ്ങാന്‍ സഹായിക്കണമെന്നും അപേക്ഷിച്ചാണ് യുവാവ് ഒട്ടകത്തെ മേയ്ക്കുന്ന വീഡിയോ പങ്കിട്ടത്.
തന്റെ പാസ്‌പോര്‍ട്ട് സ്‌പോണ്‍സര്‍ പിടിച്ചുവെന്ന് ക്രൂരമായ സാഹചര്യങ്ങളില്‍ ഒട്ടകങ്ങളെ മേയ്ക്കാന്‍ നിര്‍ബന്ധിച്ചതായാണ് യുവാവ് കരഞ്ഞുകൊണ്ട് പറയുന്നത്. എന്നാല്‍ യുവാവിന്റെ അവകാശവാദം വ്യാജമാണെന്നാണ് അന്വേഷണത്തിന് ശേഷം റിയാദ് പൊലീസ് പറയുന്നത്. സോഷ്യല്‍മീഡിയയില്‍ റീച്ച് കിട്ടാന്‍ വേണ്ടിയാണ് ഇങ്ങനെ ഒരു വീഡിയോ പ്രചരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. തൊഴില്‍ ഉടമയും തൊഴിലാളിയും തമ്മില്‍ പ്രശ്‌നമൊന്നുമില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ബന്ധപ്പെട്ട വകുപ്പുമായി ചേര്‍ന്ന് ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചതായും പൊലീസ് പറയുന്നു.
പ്രധാനമന്ത്രി മോദിയും ഇന്ത്യയിലെ ഉദ്യോഗസ്ഥരും ഇതു ഗൗരവത്തിലെടുക്കണമെന്നും അയാള്‍ വീഡിയോയില്‍ പറഞ്ഞിരുന്നു.റിയാദിലെ ഇന്ത്യന്‍ എംബസി യുവാവിനെ പറ്റി വിവരം ശേഖരിക്കുന്നുണ്ടെന്നാണ് വിവരം.