യുഎസ് സര്‍ക്കാരിന്റെ അടച്ച് പൂട്ടല്‍ 27ാം ദിവസം പിന്നിട്ടു ; ഞായറാഴ്ച വൈകിയത് 8700 വിമാനങ്ങള്‍
യുഎസ് സര്‍ക്കാരിന്റെ അടച്ച് പൂട്ടല്‍ 27ാം ദിവസം പിന്നിട്ട തിങ്കളാഴ്ച അമേരിക്കയില്‍ ഉടനീളം വൈകിയത് 3370 വിമാനങ്ങള്‍. ശമ്പളം അടക്കമുള്ളവ ലഭിക്കാതെ വന്നതോടെ അവശ്യ തൊഴിലാളികള്‍ ജോലിക്ക് എത്തിയില്ല. ഫ്‌ലൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റ് ഫ്‌ലൈറ്റ് അവയര്‍ പുറത്ത് വിട്ട കണക്കുകളുടെ അടിസ്ഥാനത്തില്‍ അമേരിക്കയിലേക്കും അമേരിക്കയ്ക്ക് പുറത്തേക്കും പോവുന്ന 118 വിമാനങ്ങളാണ് തിങ്കളാഴ്ച റദ്ദാക്കിയത്.
ഞായറാഴ്ച 8700 വിമാനങ്ങളാണ് അമേരിക്കയിലുടനീളം വൈകിയത്. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തില്‍ അടക്കം ജീവനക്കാര്‍ ജോലിക്ക് ഹാജരാകുന്നില്ല. ഇവര്‍ക്ക് ചൊവ്വാഴ്ച ഇവരുടെ പൂര്‍ണ ശമ്പളം നഷ്ടമാകും. ചൊവ്വാഴ്ച ശമ്പളമായി എന്ത് ലഭിക്കുമെന്ന് ജീവനക്കാര്‍ക്ക് വെള്ളിയാഴ്ച തന്നെ നോട്ടീസുകള്‍ നല്‍കിയിട്ടുണ്ട്.
എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരുമായി സംസാരിച്ചിരുന്നുവെന്നും അവരുടെ സമ്മര്‍ദ്ദം കാണാന്‍ കഴിയുമെന്നും ഗതാഗത വകുപ്പ് സെക്രട്ടറി ഷോണ്‍ ഡഫി പ്രതികരിച്ചത്. കാറില്‍ ഇന്ധനം നിറയ്ക്കുന്നത് മുതല്‍ കുട്ടികളുടെ സംരക്ഷണം എന്നിവയെക്കുറിച്ച് ആശങ്കയിലാണ് ശമ്പളത്തെ ആശ്രയിച്ച് ജീവിക്കുന്നവരെന്നാണ് ഷോണ്‍ ഡഫി വിശദമാക്കുന്നത്. ഞായറാഴ്ച യുഎസിലുടനീളമുള്ള എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറുകളിലും ജീവനക്കാരുടെ കുറവുണ്ടായിരുന്നു. ടവറുകളിലെ ജീവനക്കാരുടെ കുറവ് വരും ദിവസങ്ങളില്‍ ഇനിയും വര്‍ദ്ധിക്കുമെന്നതിനാല്‍ വിമാന സര്‍വ്വീസുകളുടെ കാലതാമസവും റദ്ദാക്കലും ഇനിയും കൂടുമെന്നാണ് ഗതാഗത വകുപ്പ് സെക്രട്ടറി വിലയിരുത്തുന്നത്.