കാലില്‍ തൊട്ടു മാപ്പു ചോദിച്ചു ; കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളോട് ക്ഷമ പറഞ്ഞ് വിജയ്
കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളോട് മാപ്പ് ചോദിച്ച് ടിവികെ അധ്യക്ഷന്‍ വിജയ്. മരിച്ചവരുടെ കുടുംബാംഗങ്ങളുമായുള്ള കൂടിക്കാഴ്ചയില്‍ ആണ് മാപ്പ് ചോദിച്ചത്. കാലില്‍ തൊട്ട് വിജയ് മാപ്പ് ചോദിച്ചതായി മരിച്ചവരുടെ ബന്ധുക്കളായ സ്ത്രീകള്‍ പറഞ്ഞു. കരൂരില്‍ സംഭവിച്ചത് എന്തെന്ന് മനസിലായിട്ടില്ലെന്നും വിജയ് കൂടിക്കാഴ്ചയില്‍ പറഞ്ഞു. കരൂരിലെ വീട്ടിലേക്ക് എത്താത്തതിലും ക്ഷമ ചോദിച്ചു. കരൂരില്‍ വെച്ച് കുടുംബാംഗങ്ങളെ കാണാത്തതില്‍ വിജയ് വിശദീകരണം നല്‍കി. മൂന്ന് മണിക്കൂറില്‍ കൂടുതല്‍ പരിപാടി അനുവദിക്കില്ലെന്ന് പൊലീസ് പറഞ്ഞു. എല്ലാവരോടും വിശദമായി സംസാരിക്കാന്‍ വേണ്ടിയാണ് ചെന്നൈയില്‍ എത്തിച്ചതെന്ന് വിജയ് പൊലീസിന് മറുപടി നല്‍കുകയായിരുന്നു. ഇന്നലെ രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് 6:30 വരെ വിജയ് കരൂര്‍ കുടുംബങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു.
ചെന്നൈയ്ക്കടുത്തുള്ള മഹാബലിപുരത്തെ ഒരു റിസോര്‍ട്ടില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. 37 കുടുംബങ്ങളാണ് മഹാബലിപുരത്തേക്ക് എത്തിയിരുന്നത്. ദുരന്തത്തിന് ശേഷം ആദ്യമായാണ് വിജയ് ദുരിതബാധിതരുടെ കുടുംബങ്ങളെ നേരിട്ട് കാണുന്നത്. എല്ലാ കുടുംബങ്ങള്‍ക്കും തമിഴക വെട്രി കഴകം സാമ്പത്തിക സഹായവും കുട്ടികളുടെ വിദ്യാഭ്യാസ സഹായവും ഉറപ്പുനല്‍കിയിട്ടുണ്ട്. ദുരിതത്തിലായ കുടുംബങ്ങള്‍ക്ക് നേരിട്ട് അനുശോചനം അറിയിക്കുന്നതിനും പിന്തുണ വാഗ്ദാനം ചെയ്യുന്നതിനുമായാണ് ടി.വി.കെ. വിജയുമായി കൂടിക്കാഴ്ച സംഘടിപ്പിച്ചത്. മുറികളില്‍ നേരിട്ടെത്തിയാണ് ഓരോ കുടുംബത്തെയും വിജയ് കണ്ടത്.
എല്ലാവര്‍ക്കും വിജയ് സാമ്പത്തിക സഹായം ഉറപ്പുനല്‍കിയതായാണ് വിവരം. കരൂരില്‍ നിന്ന് 37 കുടുംബങ്ങളെയാണ് മഹാബലിപുരത്തേക്ക് കൊണ്ടുവന്നത്. പാര്‍ട്ടി ബുക്ക് ചെയ്ത 50 ഓളം മുറികളുള്ള റിസോര്‍ട്ടില്‍ വെച്ച് വിജയ് ഓരോ കുടുംബാംഗങ്ങളെയും വ്യക്തിഗതമായി കണ്ടു.