ഹരിയാനയില്‍ സഹോദരിമാര്‍ക്കൊപ്പമുള്ള അശ്ലീല എഐ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും കാണിച്ച് ഭീഷണിപ്പെടുത്തിയതിന് പിന്നാലെ യുവാവ് ജിവനൊടുക്കി. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ 19കാരന്‍ രാഹുല്‍ ഭാരതിയാണ് ജീവനൊടുക്കിയത്.
സാഹില്‍ എന്ന വ്യക്തി രാഹുലിന്റെ ഫോണ്‍ ഹാക്ക് ചെയ്ത് ചിത്രങ്ങള്‍ കൈക്കലാക്കുകയും എഐ ഉപയോഗിച്ച് സഹോദരിമാര്‍ക്കൊപ്പമുള്ള അശ്ലീലചിത്രമാക്കി മാറ്റി ഭീഷണിപ്പെടുത്തുകയുമായിരുന്നു. പണം ചോദിച്ച് ഇയാള്‍ രാഹുലിന് സന്ദേശങ്ങള്‍ അയച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇരുവരും വാട്സ് ആപ്പില്‍ പരസ്പരം സംസാരിക്കുകയും ശബ്ദസന്ദേശങ്ങള്‍ അയക്കുകയും ചെയ്തിരുന്നു. പണം നല്‍കിയില്ലെങ്കില്‍ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമത്തില്‍ പ്രചരിപ്പിക്കുമെന്നാണ് രാഹുലിന് ഇയാളില്‍നിന്ന് ലഭിച്ച അവസാന സന്ദേശമെന്നാണ് വിവരം.
തന്റെ പെണ്‍മക്കളുടെ ചിത്രവും മകന്റെ ചിത്രവും ഉപയോഗിച്ച് ആരോ അശ്ലീല ചിത്രങ്ങള്‍ നിര്‍മിച്ച് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി പിതാവ് പറഞ്ഞു. ഇതിന് പിന്നാലെ രാഹുല്‍ കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്നും ഇതാണ് ജീവനൊടുക്കാന്‍ ഇടയാക്കിയതെന്നും പിതാവ് മനോജ് ഭാരതി വ്യക്തമാക്കി.
നീരജ് ഭാരതി എന്ന ഭര്‍തൃ സഹോദരനും ഇതില്‍ പങ്കുണ്ടെന്ന് മാതാവ് മീനാ ദേവി പറഞ്ഞു. ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് മകന്‍ ഇയാളോട് സംസാരിച്ചിരുന്നു. നീരജ് ഭാരതിയുമായി താന്‍ മുന്‍പ് വഴക്കുണ്ടാക്കിയിരുന്നു. ഇതിലെ പ്രതികാരത്തില്‍ അയാളാണോ ഇത് ചെയ്തത് എന്നതില്‍ സംശയമുണ്ട്. ഒരു പെണ്‍കുട്ടിയുമായി ചേര്‍ന്നാണ് അയാള്‍ ഇത് ചെയ്തതെന്നാണ് കരുതുന്നതെന്നും മാതാവ് പറഞ്ഞു. കുടുംബത്തിന്റെ പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് രാഹുലിനെ അമിത അളവില്‍ ഗുളികകള്‍ കഴിച്ച നിലയില്‍ വീട്ടിനകത്ത് കണ്ടെത്തിയത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ആയിരുന്നു മരണം.