പാക്കിസ്ഥാനിലെ അല്‍ഖായിദ ഉള്‍പ്പെടെ ഭീകര സംഘടനകളുമായി ബന്ധമുള്ള സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറെ അറസ്റ്റ് ചെയ്ത് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്. പൂനെ നഗരത്തില്‍ നിന്നാണ് സുബൈര്‍ ഹംഗാര്‍ഗേക്കര്‍ എന്നയാളെ അറസ്റ്റ് ചെയ്തത്. യുവാക്കളെ ഭീകര സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന് ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് വിവരം.
കഴിഞ്ഞ മാസം മുതല്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു സുബൈര്‍. പ്രത്യേക യുഎപിഎ കോടതി നവംബര്‍ വരെ സുബൈറിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായും മഹാരാഷ്ട്രയിലും രാജ്യത്തെ മറ്റ് നഗരങ്ങളിലും ഇയാള്‍ ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്തതായും പൊലീസ് കോടതിയെ അറിയിച്ചു.
സുബൈറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ യുവാക്കളെ തീവ്രവാദത്തിലേക്ക് നയിക്കാന്‍ ഉപയോഗിച്ചുവെന്ന് കരുതപ്പെടുന്ന നിരവധി വസ്തുക്കള്‍ കണ്ടെത്തി. ഓണ്‍ലൈന്‍ വഴി യുവാക്കളെ ഭീകരവാദത്തിലേക്ക് ആകര്‍ഷിച്ചിരുന്നതായും അന്വേഷണ സംഘം പറയുന്നു.