പശ്ചിമ ബംഗാളിലെ സുന്ദര്‍ബന്‍സില്‍ രണ്ട് യുവതികള്‍ വിവാഹിതരായി. 19 കാരിയായ റിയ സര്‍ദാറും 20 കാരിയായ രാഖി നസ്‌കറുമാണ് ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായത്. ഇരുവരും പ്രൊഫഷണല്‍ നര്‍ത്തകരാണ്. ഏകദേശം രണ്ട് വര്‍ഷം മുമ്പ് കണ്ടുമുട്ടിയ ഇരുവരും പ്രണയത്തിലാകുകയായിരുന്നു. രണ്ട് വര്‍ഷമായി ഞങ്ങള്‍ പ്രണയത്തിലാണ്. ഒരു ക്ഷേത്രത്തില്‍ വെച്ചാണ് ഞങ്ങള്‍ ആദ്യമായി കണ്ടുമുട്ടിയത്. ജീവിതകാലം മുഴുവന്‍ ഒരുമിച്ചായിരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് രാഖി പറഞ്ഞു. റിയയുടെ കുടുംബം ഈ ബന്ധത്തെ എതിര്‍ത്തപ്പോള്‍, രാഖിയുടെ കുടുംബം പിന്തുണ നല്‍കി.
അവരുടെ സഹായത്തോടെ, രണ്ട് സ്ത്രീകളും ക്ഷേത്രത്തില്‍ വെച്ച് ലളിതമായ ചടങ്ങില്‍ വിവാഹിതരായി. നാട്ടുകാരും പങ്കെടുത്തു. ആഘോഷത്തോടെയാണ് വിവാഹം നടന്നത്. ചെറുപ്പത്തിലെ മാതാപിതാക്കളെ നഷ്ടപ്പെട്ട റിയയെ അമ്മായിയും അമ്മാവനുമാണ് വളര്‍ത്തിയത്. ഇന്ത്യയില്‍ സ്വവര്‍ഗ വിവാഹങ്ങള്‍ നിയമപരമായി അംഗീകരിക്കപ്പെട്ടിട്ടില്ല. 2023 ഒക്ടോബറില്‍, സ്വവര്‍ഗ വിവാഹത്തിന് മൗലികാവകാശമില്ലെന്നും പ്രത്യേക വിവാഹ നിയമം സ്വവര്‍ഗ ദമ്പതികള്‍ക്ക് ബാധകമല്ലെന്നും സുപ്രീം കോടതി വിധിച്ചു.