ഒന്നാംകല്ലില്‍ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ഫിറ്റ്‌നസ് പരിശീലകന്‍ മാധവ് മസിലിനു കരുത്തു ലഭിക്കാന്‍ അമിതമായി മരുന്നുകള്‍ ഉപയോഗിച്ചിരുന്നതായി സൂചന. വിദേശനിര്‍മ്മിത മരുന്നുകളും സിറിഞ്ചും കിടപ്പുമുറിയില്‍ നിന്ന് പൊലീസിന് ലഭിച്ചു. 28 കാരനായ മാധവ് ഇന്നലെയാണ് മരിച്ചത്. ശരീര സൗന്ദര്യ മത്സരങ്ങളില്‍ സ്ഥിരമായി മാധവ് പങ്കെടുത്തിരുന്നു.
മരണകാരണം പോസ്റ്റ്‌മോര്‍ട്ടത്തിലും വ്യക്തമായിട്ടില്ലെന്നാണ് വിവരം. ആന്തരിക അവയവങ്ങള്‍ രാസപരിശോധനയ്ക്കായി അയച്ചു. ദിവസവും വെളുപ്പിന് നാലു മണിക്ക് ഫിറ്റ്‌നസ് സെന്ററില്‍ മാധവ് പോകാറുണ്ട്. ഇന്നലെ നാലര കഴിഞ്ഞിട്ടും എഴുന്നേറ്റില്ല. വാതില്‍ തുറക്കാതെ വന്നതോടെ അയല്‍വാസികളുടെ സഹായത്തോടെ വീട്ടുകാര്‍ തള്ളി തുറന്നു. അപ്പോഴാണ് കട്ടിലില്‍ അനക്കമറ്റ നിലയില്‍ കണ്ടെത്തിയത്.
ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അമ്മയും മാധവും മാത്രമാണ് വീട്ടില്‍ താമസം. ദീര്‍ഘകാലമായി ഫിറ്റ്‌നസ് പരിശീലകനാണ്. വിവാഹം അടുത്ത മാസം ഉറപ്പിക്കാനിരിക്കെ ആണ് മരണം.