ലോഹിതദാസിന്റെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കി ഭരതന്‍ സംവിധാനം ചെയ്ത സിനിമയാണ് അമരം. മലയാളത്തിലെ എവര്‍ഗ്രീന്‍ ക്ലാസിക് ചിത്രമായി കണക്കാക്കപ്പെടുന്ന സിനിമയിലെ മമ്മൂട്ടിയുടെ പ്രകടനം ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ പുറത്തിറങ്ങി 34 വര്‍ഷത്തിന് ശേഷം സിനിമ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുകയാണ്. നവംബര്‍ 7ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ അമരം എത്തും. ഇപ്പോഴിതാ അമരം സിനിമയുടെ ഓര്‍മകള്‍ പങ്കിടുകയാണ് നടന്‍ അശോകനും നിര്‍മാതാവ് ബാബു തിരുവല്ലയും. സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഇത്രയും വിജയം പ്രതീക്ഷിച്ചിരുന്നില്ലെന്നും അക്കാലത്ത് 50 ലക്ഷത്തിനും മുകളില്‍ ആയിരുന്നു സിനിമയുടെ ബജറ്റെന്നും നിര്‍മാതാവ് പറഞ്ഞു.
'അമരം സിനിമ അത്രയും കളക്ഷന്‍ നേടുമെന്നോ എന്റെ കഥാപാത്രത്തിന് അത്രയും ഇമേജ് ഉണ്ടാകുമെന്നോ ഞാന്‍ അഭിനയിക്കുന്ന സമയത്ത് പ്രതീക്ഷിച്ചിരുന്നില്ല. ആ സമയത്ത് ജനങ്ങള്‍ സിനിമയേയും കഥാപാത്രത്തെയും ഏറ്റെടുത്തു. ഇപ്പോഴും സിനിമയിലെ കഥാപാത്രങ്ങളെക്കുറിച്ച് ചിലര്‍ കമന്റുകള്‍ പറയാറുണ്ട്. രാഘവാ.. ഒരു കൊമ്പനെ പിടിച്ചോണ്ട് വരുവോ എന്നൊക്കെ ചോദിക്കാറുണ്ട്,' അശോകന്‍ പറഞ്ഞു.
അമരം സിനിമയുടെ ബജറ്റ് അക്കാലത്ത് 50 ലക്ഷത്തിനും മുകളില്‍ ആയിരുന്നുവെന്ന് സിനിമയുടെ നിര്‍മാതാവ് ബാബു തിരുവല്ല പറഞ്ഞു.
'കൊമ്പന്‍ സ്രാവിനെ പിടിക്കുന്ന സീനുകളെല്ലാം കടലില്‍ പോയി എടുത്തതാണ്. വേറെ ടെക്നിക്കുകള്‍ ഒന്നുമില്ല അക്കാലത്ത്. ലോഹിതദാസ് ഈ കഥ എഴുതാനുള്ള കാരണക്കാരന്‍ മമ്മൂട്ടിയാണ്. വേറെ ഒരാളായിരുന്നു പ്ലാന്‍ ചെയ്തിരുന്നു. പിന്നീട് അത് വേണ്ടെന്ന് വെച്ചു. അന്ന് 20 - 50 ലക്ഷം ഉണ്ടെങ്കില്‍ ബിഗ് ബജറ്റ് സിനിമയെടുക്കാം. അതിനേക്കാള്‍ ഇരട്ടിയായി അമരത്തിന്. കാരണം കടലില്‍ വെച്ചാണ് ഷൂട്ട് ചെയുന്നത്,' ബാബു തിരുവല്ല കൂട്ടിച്ചേര്‍ത്തു.