' കൊറോണ ഭീഷണി നേരിടാന്‍ അമേരിക്ക സജ്ജം; വൈറസ് പടരുന്നത് തടയാനും പ്രതിരോധന പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാ നടപടികളും എടുത്തിട്ടുണ്ട്; ഇനിയും യാത്രാനിരോധനം ഏര്‍പ്പെടുത്തുന്ന കാര്യം തള്ളിക്കളഞ്ഞിട്ടില്ല'; വ്യക്തമാക്കി ട്രംപ്

' കൊറോണ ഭീഷണി നേരിടാന്‍ അമേരിക്ക സജ്ജം;  വൈറസ് പടരുന്നത് തടയാനും പ്രതിരോധന പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാ നടപടികളും എടുത്തിട്ടുണ്ട്; ഇനിയും യാത്രാനിരോധനം ഏര്‍പ്പെടുത്തുന്ന കാര്യം തള്ളിക്കളഞ്ഞിട്ടില്ല'; വ്യക്തമാക്കി ട്രംപ്

കൊറോണ ആഗോളതലത്തില്‍ വ്യാപിക്കുമ്പോള്‍ ഭീഷണി നേരിടാന്‍ അമേരിക്ക സജ്ജമാണെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. അമേരിക്കയില്‍ 59 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ ഭൂരിഭാഗവും ജപ്പാന്‍ തീരത്ത് തടഞ്ഞുവെച്ച ആഢംബര കപ്പല്‍ ഡയമണ്ട് പ്രിന്‍സസില്‍ നിന്ന് തിരിച്ചെത്തിയവരാണ്. ശേഷിക്കുന്നവര്‍ ചൈനയിലെ വുഹാനില്‍ നിന്ന് വന്നവരാണ്. വൈറസ് പടരുന്നത് തടയാനും പ്രതിരോധന പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാ നടപടികളുമെടുത്തിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനാണ് വൈറ്‌സ ഭീഷണി നേരിടാനുള്ള പ്രവര്‍ത്തനങ്ങളുടെ ചുമതലയെന്നും ട്രംപ് അറിയിച്ചു.


കൊറോണ വൈറസ് തടുക്കുന്നതിനും പ്രചരിക്കുന്നത് തടയുന്നതിനും കടുത്ത നടപടികള്‍ തന്നെ വേണ്ടിവരും. വിവിധ രാജ്യങ്ങള്‍ ഇത് സംബന്ധസിച്ച് സ്വീകരിക്കുന്ന നയപരവും പ്രായോഗികവുമായ നടപടികളെ കുറിച്ച് അമേരിക്കന്‍ ചാര സംഘടനയും അന്വേഷിക്കുന്നുണ്ട്. എല്ലാ ദിവസവും ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കണം എന്നാണ് ചാര സംഘടനകള്‍ക്ക് ഇന്റലിജന്‍സ് കമ്മറ്റി നല്‍കിയ നിര്‍ദേശമെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, കൊറോണ വൈറസിനെ ഫലപ്രദമായി നേരിടാനുള്ള വാക്‌സിന്‍ ഈ വര്‍ഷത്തിനുള്ളില്‍ ഉത്പാദിപ്പിക്കാനാകില്ലെന്നു യുഎസ് വ്യക്തമാക്കിയിട്ടുണ്ട്. വാക്‌സിന്റെ ട്രയലുകള്‍ രണ്ടുമാസത്തിനകം നടത്താനാകും. എന്നിരുന്നാലും പരിശോധന നടത്തി സുരക്ഷിതമാണെന്നു ഉറപ്പാക്കാന്‍ പിന്നെയും മൂന്നു മാസങ്ങള്‍ക്കൂടി എടുക്കും. കുറഞ്ഞത് 6 - 8 മാസം വരെ ഈ നടപടിക്രമങ്ങള്‍ എടുക്കുമെന്നാണ് റിപ്പോര്‍ട്ട്. വൈറസ് പടരാതിരിക്കാന്‍ ശക്തമായ നടപടികള്‍ എടുത്തിട്ടുണ്ടെങ്കിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടേക്കാമെന്ന ആശങ്കയിലാണ് യുഎസ് ഭരണകൂടം.

അതേസമയം, വൈറസ് ബാധ തടയാനായി ഒരു മാസം മുന്‍പേ ചൈനയിലേക്കുള്ള യാത്ര യുഎസ് വിലക്കിയിരുന്നു. എന്നാല്‍ ആ നടപടിയെ മുന്‍നിര്‍ത്തി തന്നെ വംശീയവാദിയെന്നു വിശേഷിപ്പിക്കുകയാണ് പലരും ചെയ്തതെന്നും ഉടനടി നടപടിക്രമങ്ങള്‍ എടുത്തില്ലായിരുന്നെങ്കില്‍ ഇന്നത്തെ അവസ്ഥ ആശങ്കാകുലമായിരുന്നേനെയെന്നും ട്രംപ് പറഞ്ഞു. ഇനിയും യാത്രാനിരോധനം ഏര്‍പ്പെടുത്തുന്ന കാര്യം തള്ളിക്കളഞ്ഞിട്ടില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

Other News in this category



4malayalees Recommends