കാനഡയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നേരത്തെ റദ്ദാക്കിയാല്‍ രോഗവ്യാപനം ശക്തിപ്പെടുമെന്ന് സിപിഎച്ച് ഓഫീസര്‍ ; ജൂണ്‍ 15 ഓടെ 9400 മരണവും 107,454 രോഗികളും; കറുത്ത വര്‍ഗക്കാരുടെ പ്രതിഷേധം കാനഡയുടെ കോവിഡ് പ്രതിരോധത്തെ അട്ടിമറിക്കുമെന്ന് ആശങ്ക

കാനഡയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നേരത്തെ റദ്ദാക്കിയാല്‍ രോഗവ്യാപനം  ശക്തിപ്പെടുമെന്ന് സിപിഎച്ച് ഓഫീസര്‍ ; ജൂണ്‍ 15 ഓടെ 9400 മരണവും 107,454 രോഗികളും; കറുത്ത വര്‍ഗക്കാരുടെ പ്രതിഷേധം കാനഡയുടെ കോവിഡ് പ്രതിരോധത്തെ അട്ടിമറിക്കുമെന്ന് ആശങ്ക
കാനഡയില്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളും പൊതുജനങ്ങള്‍ക്കുള്ള നിയന്ത്രണങ്ങളും വളരെ നേരത്തെ എടുത്ത് മാറ്റുന്നതിലൂടെ കോവിഡ് വളരെ പെട്ടെന്ന് ഇനിയും ശക്തിപ്രാപിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി രാജ്യത്തെ മുതിര്‍ന്ന മെഡിക്കല്‍ ഓഫീസര്‍ രംഗത്തെത്തി. കാനഡയിലെ ചീഫ് പബ്ലിക്ക് ഹെല്‍ത്ത് ഓഫീസറായ ഡോ. തെരേസ ടാമാണ് ഈ താക്കീതേകിയിരിക്കുന്നത്. അടുത്തിടെ രാജ്യത്ത് നടന്ന കറുത്ത വര്‍ഗക്കാരുടെ പ്രതിഷേധ പ്രകടനങ്ങള്‍ മൂലം രാജ്യം വൈറസില്‍ നിന്നും മുക്തി നേടുന്നതിനുള്ള പ്രവര്‍ത്തനങ്ങളെ തകിടം മറിക്കുമെന്നും അവര്‍ പ്രവചിക്കുന്നു.

ദിവസം തോറും നടത്തി വരാറുള്ള കൊറോണ ബ്രീഫിംഗിനിടെയാണ് ടാം ഈ മുന്നറിയിപ്പേകിയിരിക്കുന്നത്. നിലവിലെ നിയന്ത്രണങ്ങള്‍ വളരെ പെട്ടെന്ന് റദ്ദാക്കിയാല്‍ അത് രോഗം വര്‍ധിതമായ തോതില്‍ തിരിച്ച് വരുന്നതിന് വഴിയൊരുക്കുമെന്നാണ് അവര്‍ ആവര്‍ത്തിക്കുന്നത്. ഇത്തരമൊരു സാഹര്യത്തില്‍ രാജ്യത്തെ കൊറോണ മരണം ജൂണ്‍ 15 ഓടെ 7700നും 9400നും ഇടയിലെത്തുമെന്നാണ് അവര്‍ പ്രവചിക്കുന്നത്. ഇതിനൊപ്പം കൊറോണ കേസുകള്‍ 97,990നും 107,454നും മധ്യത്തിലെത്തുകയും ചെയ്യും. വ്യാഴാഴ്ചത്തെ കണക്ക് പ്രകാരം രാജ്യത്ത് മരണം 7637ഉം മൊത്തം രോഗികളുടെ എണ്ണം 93,711 ആയി ഉയര്‍ന്നിട്ടുണ്ട്.

നിലവില്‍ രാജ്യത്ത് കൊറോണ പത്തിമടക്കാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും ജനം ജാഗ്രത പാലിച്ചില്ലെങ്കില്‍ ടാം പറഞ്ഞത് സംഭവിക്കുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡ്യൂവും ബ്രീഫിംഗിനിടെ മുന്നറിയിപ്പേകുന്നു.കൊറോണ നിലവിലും രാജ്യത്തെ ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷക്കും ഭീഷണിയുയര്‍ത്തി രാജ്യത്ത് നിലനില്‍ക്കുന്നുണ്ടെന്ന് അദ്ദേഹം ഏവരെയും ഓര്‍മിപ്പിക്കുന്നു.

അമേരിക്കയില്‍ ആഫ്രിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ലോയ്ഡിനെ മിനിയപൊളിസില്‍ പോലീസുകാരന്‍ മര്‍ദിച്ച് കൊന്ന സംഭവത്തില്‍ കാനഡയില്‍ നടന്ന് കൊണ്ടിരിക്കുന്ന പ്രതിഷേധ പ്രകടനങ്ങള്‍ രാജ്യത്തിന്റെ കൊറോണ പോരാട്ടത്തെ തകിടം മറിക്കുമെന്നുള്ള ആശങ്ക നിലവില്‍ കനേഡിയന്‍ ഗവണ്‍മെന്റ് ഒഫീഷ്യലുകള്‍ക്കിടയില്‍ വര്‍ധിച്ചിരിക്കുകയാണ്.പ്രതിഷേധക്കാര്‍ സാമൂഹിക അകലം പാലിക്കാതെ പെരുമാറുന്നത് മൂലം വൈറസ് വ്യാപനം വര്‍ധിച്ചേക്കാമെന്നാണ് ഇവര്‍ ഭയപ്പെടുന്നത്.

Other News in this category



4malayalees Recommends