ബിന്ദു അമ്മിണിയെ ആക്രമിച്ചയാളെ കണ്ടെത്തി ; മദ്യലഹരിയില്‍ നടന്ന അക്രമമെന്ന് പൊലീസ് ; പിടിയിലായത് ബേപ്പൂര്‍ സ്വദേശി മോഹന്‍ദാസ്

ബിന്ദു അമ്മിണിയെ ആക്രമിച്ചയാളെ കണ്ടെത്തി ; മദ്യലഹരിയില്‍ നടന്ന അക്രമമെന്ന് പൊലീസ് ; പിടിയിലായത് ബേപ്പൂര്‍ സ്വദേശി മോഹന്‍ദാസ്
പൊതുപ്രവര്‍ത്തക ബിന്ദു അമ്മിണിയെ ആക്രമിച്ചയാളെ കണ്ടെത്തി. കോഴിക്കോട് ബേപ്പൂര്‍ സ്വദേശിയായ മോഹന്‍ദാസാണ് പ്രതി. സംഭവത്തില്‍ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം മോഹന്‍ദാസിനെ അറസ്റ്റ് ചെയ്യും. മദ്യലഹരിയിലായിരുന്നു അക്രമമെന്നാണ് പൊലീസ് വാദം. ആക്രമണത്തില്‍ പ്രതിക്കും പരിക്ക് പറ്റിയെന്ന് പൊലീസ് അറിയിച്ചു.കഴിഞ്ഞ ദിവസം കോഴിക്കോട് ബീച്ചില്‍ വെച്ചാണ് ബിന്ദു അമ്മിണിക്കെതിരെ ആക്രമണമുണ്ടായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. വീഡിയോയില്‍ ബിന്ദു അമ്മിണി ആക്രമണം ചെറുക്കുന്നതായും മര്‍ദ്ദിച്ചയാളുടെ ഫോണ്‍ തല്ലിത്തകര്‍ക്കുന്നതായും കാണാം.

സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ ബിന്ദു അമ്മിണി തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ വെള്ളയില്‍ പൊലീസ് കേസെടുത്തിരുന്നു. ഐപിസി 323,509 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

അതേസമയം തനിക്കെതിരെയുണ്ടായ ആക്രമണം ആസൂത്രിതമെന്ന് ബിന്ദു അമ്മിണി ആരോപിച്ചു. മദ്യപിച്ചയാള്‍ വെറുതെ നടത്തിയ ആക്രമണമല്ല. പിന്നില്‍ രാഷ്ട്രീയകാരണങ്ങളുണ്ട്. തന്നെ എവിടെക്കണ്ടാലും ആക്രമിക്കുകയെന്നത് സംഘപരിവാര്‍ സംഘടനകളുടെ ആഹ്വാനമാണെന്നും ബിന്ദു അമ്മിണി പറഞ്ഞു. ബീച്ചില്‍ വെച്ച് തന്നെ ആക്രമിച്ചയാള്‍ ആര്‍എസ്എസുകാരനാണെന്നാണ് തനിക്കറിയാന്‍ കഴിഞ്ഞതെന്നും ബിന്ദു അമ്മിണി പറഞ്ഞു. പൊലീസില്‍ നിന്നും നീതി ലഭിക്കുമെന്ന പ്രതീക്ഷ തനിക്കില്ലെന്നും ഇവര്‍ പറയുന്നു.

Other News in this category



4malayalees Recommends